കോടതിയലക്ഷ്യ ഹര്‍ജി: നളിനി നെറ്റോയ്ക്ക് പാരയാകും; തനിക്കെതിരെ ചീഫ് സെക്രട്ടറി വ്യാജരേഖ ചമച്ചെന്ന് സെന്‍കുമാര്‍ കോടതിയില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കിയതോടെ നളിനി നെറ്റോയുടെ നില പരുങ്ങലിലായി. ഡിജിപി സ്ഥാനത്തു നിന്നും മതിയായ കാരണങ്ങളൊന്നുമില്ലാതെ മാറ്റിയ സെന്‍കുമാറിനെ വീണ്ടും ആ തസ്തികയില്‍ നിയമിച്ചു കൊണ്ട് കോടതി ഉത്തരവിട്ടെങ്കിലും തനിക്ക് അനഭിമതനായി സെന്‍കുമാറിനെ നിയമിക്കാന്‍ പിണറായി വിജയന്റെ മനസ് അനുവദിക്കുന്നില്ല.

അതുകൊണ്ട് തന്നെ വീണ്ടും മുട്ടാപ്പോക്ക് ന്യായം പറഞ്ഞിരിക്കയാണ് സര്‍ക്കാര്‍. തീരുമാനം വൈകുമ്പോള്‍ മുഖ്യമന്ത്രിയുടെ പിടിവാശിക്ക് വഴങ്ങിയ നളിനി നെറ്റോക്ക് പാരയാകുന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
തന്നെ ഡിജിപിയായി നിയമിക്കണമെന്ന കോടതിവിധി നടപ്പിലാക്കാന്‍ കാലതാമസം വരുത്തുന്നതിലൂടെ സര്‍ക്കാര്‍ കോടതി അലക്ഷ്യം കാണിക്കുന്നു എന്നാണ് സെന്‍കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തനിക്ക് നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുക ചീഫ് സെക്രട്ടറി കൂടിയായ നിളിനി നെറ്റോയെ ആയിരിക്കും. തനിക്കെതിരെ നളിനി വ്യാജരേഖ ചമച്ചു എന്ന കടുത്ത ആരോപണമാണ് സെന്‍കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. വീണ്ടും കോടതിയില്‍ പോകുമ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്യും.

അതേസമയം വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കണോയെന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. വീണ്ടും കോടതിയെ സമീപിക്കണമെന്നാണു നിയമോപദേശമെങ്കില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിക്കു സാധ്യതയുണ്ടെന്നു നിയമവിദഗ്ദ്ധര്‍ പറയുന്നു. സുപ്രീം കോടതി വിധി അനുസരിക്കുകയെന്ന എളുപ്പവഴി മാത്രമാണു സര്‍ക്കാരിനു മുന്നിലുള്ളതെന്നും അവര്‍ വ്യക്തമാക്കുന്നു.

രണ്ടു കാര്യങ്ങളാണു സുപ്രീം കോടതി വിധിക്കുശേഷം സെന്‍കുമാറിന്റെ നിയമന വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടന്‍, അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഡിജിപിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. വിധിയുടെ പകര്‍പ്പും ഒപ്പം നല്‍കിയിരുന്നു.

എന്നാല്‍, നാലു ദിവസം പിന്നിടുമ്പോഴും ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, റിവിഷന്‍ ഹര്‍ജി നല്‍കണോയെന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതില്ല എന്നാണു നിയമോപദേശമെങ്കില്‍ സര്‍ക്കാരിനു കോടതിവിധി നടപ്പിലാക്കേണ്ടിവരും. അല്ലെങ്കില്‍ നിയമോപദേശം മറികടന്നു സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാം. ഇതു സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടാനിടയുണ്ട്.