കൊച്ചിയെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന സനീഷ് പിടിയില്‍

മയക്കുമരുന്ന് മാഫിയാ നേതാവിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം

കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എക്‌സൈസ് വേട്ടയാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ നടന്നത്. വിദേശരാജ്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന വീര്യമേറിയ ‘എക്സ്റ്റസി’ എന്നു പേരായ എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 84 ലക്ഷം രൂപയുടെ വന്‍ മയക്കുമരുന്ന് ശേഖരമാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. കഴിഞ്ഞ നാലു വര്‍ഷമായി കൊച്ചിയിലെ സിനിമാ ലൊക്കേഷനുകളും ഡാന്‍സ് പാര്‍ട്ടികളും നിശാമേളകളും കേന്ദ്രീകരിച്ച് കോടികളുടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനകണ്ണിയായ കുമ്പളം ബ്ലായിത്തറ വീട്ടില്‍ സനീഷ് സര്‍വ്വോത്തമന്‍ (32) ആണ് എക്‌സൈസ് ഒരുക്കിയ കെണിയില്‍ വന്നുവീണത്.

അന്താരാഷ്ട്ര വിപണിയില്‍ ‘എക്സ്റ്റസി’ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച മെത്തിലീന്‍ ഡയോക്സി മെത്താംഫെറ്റാമിന്‍ (എം.ഡി.എം.എ) എന്ന മയക്കുമരുന്നിന്റെ ക്രിസ്റ്റല്‍, ലിക്വിഡ് രൂപങ്ങള്‍ കേരളത്തില്‍ നിന്ന് പിടിച്ചെടുക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. എം.ഡി.എം.എ ഒറ്റത്തവണ ഉപയോഗിക്കുമ്പോള്‍ തന്നെ ലഹരിയുടെ ഉന്മാദം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും എന്നതാണ് യുവാക്കളെ കൂടുതല്‍ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

അന്താരാഷ്ട്ര ലഹരി വിപണിയില്‍ പൊന്നുംവിലയുള്ള ലഹരി മരുന്നുകളാണ് സനീഷിന്റെ പക്കല്‍നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. കാല്‍ കോടി രൂപ വിലമതിക്കുന്ന 47 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റല്‍, രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ദ്രവ രൂപത്തിലുള്ള മൂന്ന് ഗ്രാം ലിക്വിഡ് എം.ഡി.എം.എ, 50 ലക്ഷം രൂപയുടെ ചരസ്, ഏഴു ലക്ഷം രൂപയുടെ കൊക്കെയ്ന്‍ എന്നിവയാണ് സനീഷ് എന്ന കുമ്പളം സ്വദേശിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കൊച്ചിയിലെ നിശാ ക്ലബുകളിലേക്കും ന്യൂജെന്‍ ഡാന്‍സ് ക്ലബുകളിലേക്കുമാണ് ഇയാള്‍ പതിവായി ലഹരിയെത്തിച്ചിരുന്നത്.

ഗോവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഗോവയില്‍ നിന്നാണ് വിലകൂടിയ എം.ഡി.എം.എ പോലുള്ള മയക്കു മരുന്നുകള്‍ കൊച്ചിയില്‍ എത്തിക്കുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. കുറഞ്ഞ വില നല്‍കി ഗോവയില്‍ നിന്ന് വന്‍ തോതില്‍ ലഹരി വസ്തുകള്‍ കൊണ്ടു വന്ന് ഇവിടെ കൂടിയ വിലയ്ക്കാണ് വിറ്റിരുന്നത്.

ലഹരി വസ്തുകള്‍ കൊണ്ടു വരാനായി കുറഞ്ഞത് എട്ട് തവണയെങ്കിലും ഇയാള്‍ ഗോവയിലേയ്ക്ക് യാത്ര നടത്തിയിരുന്നതായി എക്സൈസ് കരുതുന്നു. ഗോവയില്‍ വച്ച് ലഹരി മരുന്ന് കൈമാറിയത് ബച്ചാഭായ് എന്ന ഇടനിലക്കാരനാണെന്ന് പ്രതി സനീഷിന്റെ മൊഴി. വിനോദ യാത്രയ്ക്കിടെ ഗോവയിലെ ഡി.ജെ പാര്‍ട്ടിയില്‍ വച്ചാണ് സനീഷ് ബച്ചാഭായിയെ ആദ്യം പരിചയപ്പെട്ടതെന്നും അന്ന് മയക്കുമരുന്ന് വിതരണം ചെയ്തത് ബച്ചാഭായ് ആയിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം സനീഷ് കൈമാറിയ ബച്ചാഭായിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനായി ഗോവന്‍ സര്‍ക്കാരിന്റേയും മറ്റു സംഘടനകളുടേയും സഹായം തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു.

850 മില്ലി ഗ്രാം വീതമുള്ള ഡപ്പികളിലാക്കി എം.ഡി.എം.എ കൊച്ചിയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എം.കെ നാരായണന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരു മാസത്തിലേറെയായി കൊച്ചിയിലെ ഇടപാടുകാരന് പിന്നാലെയുണ്ടായിരുന്നു. മയക്കുമരുന്ന് എത്തുന്ന ഉറവിടം കണ്ടെത്തുകയായിരുന്നു ഇതില്‍ പ്രധാനം. അന്വേഷണത്തിന്റെ ഭാഗമായി 850 മില്ലി ഗ്രാം വീതം എം.ഡി.എം.എ നേരത്തെ പലരില്‍ നിന്നായി എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൊച്ചിയില്‍ ഇവയെത്തിച്ചു നല്‍കുന്നത് ആരെന്നറിയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ചില്ലറ വില്‍പനക്കാരന്‍ വഴിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സനീഷിനെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ വലയിലാക്കാനുള്ള നീക്കങ്ങളിലായാരുന്നു എക്സൈസ് സംഘം. പിന്നീടുള്ള ഒരു മാസം കൊണ്ട് ഫോണിലൂടെ സനീഷിന്റെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.

പിന്നീടൊരിക്കല്‍ നിശാപാര്‍ട്ടിക്കെന്ന പേരില്‍ ലഹരി മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എത്തിച്ചുനല്‍കാമെന്ന് സനീഷ് സമ്മതിച്ചു. ഇതൊരവസരമായി കണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍നീക്കം നടത്തി. എക്‌സൈസ് സംഘത്തിന് ലഹരി മരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സനീഷ് കുടുങ്ങി. കുണ്ടന്നൂര്‍ ട്രാഫിക്ക് സിഗ്നല്‍ പരിസരത്ത് നിന്ന് 20ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ സജി ലക്ഷ്മണനും സംഘവും ഇയാളെ പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകള്‍. കുണ്ടന്നൂരില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന 15 ലക്ഷം രൂപ വിലയുള്ള ഹ്യൂണ്ടായ് ക്രേറ്റ കാര്‍ സഹിതമാണ് പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സി.ഐ സജി ലക്ഷ്മണന്‍, പ്രിവന്റിവ് ഓഫിസര്‍ ജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റൂബി, റൂബന്‍, സുനില്‍കുമാര്‍, ഷിബു, ദിനേശ്കുമാര്‍, ജഗദീഷ്, ബിജു, മണി, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലഹരി വില്‍പ്പനയില്‍ ജില്ലയിലെ പ്രധാന ഇടപാടുകാരുമായി അടുത്തബന്ധമുള്ള ആളാണ് സനീഷ് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആഡംബര കാറില്‍ കൊച്ചിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ലഹരി കടത്തുന്ന സനീഷ് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ വഴി പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതരുടെ മക്കള്‍ക്കും ലഹരി മരുന്നുകള്‍ വിതരണം ചെയ്തിരുന്നുവെന്നും സൂചനയുണ്ട്. കൊച്ചിയില്‍ ലഹരിയ്ക്ക് ആവശ്യക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ അങ്ങോട്ടേക്ക് ചെന്നു കാണുകയായിരുന്നില്ല സനീഷിന്റെ വില്‍പ്പന രീതി. ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ സനീഷിനെ ഇങ്ങോട്ടേക്ക് അന്വേഷിച്ചെത്തുമായിരുന്നു. അത്രയ്ക്കും ശക്തവും വിപുലമായിരുന്നു ഇയാള്‍ക്ക് ചുറ്റുമുള്ള ലഹരി ശൃംഖല. പ്രധാനമായും വാട്ട്‌സ് ആപ്പിലൂടെയാണ് സനീഷ് മെട്രോ നഗരത്തില്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. അരൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രതിയ്ക്ക് സുഹൃദ്വലയമുണ്ടെന്നും എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സനീഷുമായി ബന്ധമുള്ള കൂടുതല്‍ പേരെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഒറ്റയ്ക്ക് ആഡംബര കാറിലാണ് ഗോവയില്‍ നിന്നും മയക്കുമരുന്നുമായി യാത്ര തിരിച്ചതെന്നാണ് സനീഷ് നല്‍കിയ മൊഴി. എന്നാല്‍, ഒറ്റയ്ക്ക് ഇത്രദൂരം ഇയാള്‍ സഞ്ചരിച്ചുവെന്ന മൊഴി എക്‌സൈസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികള്‍ ആരൊക്കെയെന്നും ഇടനിലക്കാര്‍ ആരെങ്കിലുമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സ്ഫടിക രൂപത്തിലുള്ള ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 6000 രൂപയാണ് വില. അതുപോലെ ദ്രവരൂപത്തിലുള്ള ഒരു തുള്ളി എം.ഡി.എം.എയ്ക്കും 6000 രൂപ വില വരും. ഇത്തരത്തില്‍ വിലകൂടിയ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് സമൂഹത്തിലെ സമ്പന്ന വിഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വാഭാവികമായും സിനിമാരംഗത്ത് നിന്നുള്ളവരും സനീഷിന്റെ കയ്യില്‍ നിന്നും മയക്കുമരുന്ന് വാങ്ങാനെത്തിയിട്ടുണ്ട്. സിനിമാ ലൊക്കേഷനുകളിലേക്കെന്ന് പറഞ്ഞ് പലരും തന്റെ പക്കല്‍ നിന്നും വലിയ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങിയിരുന്നതായി സനീഷ് തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. പ്രധാനമായും സിനിമാ വിജയാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് പലരും ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയിരുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.കെ നാരായണന്‍കുട്ടി ഫ്‌ലാഷിനോട് പറഞ്ഞു. അതേസമയം, കൃത്യമായ തെളിവോ തൊണ്ടി മുതലോ കൂടാതെ ഇത്തരക്കാരെ പിടികൂടിയിട്ട് കാര്യമില്ലെന്നും ഇവര്‍ക്കെതിരെ കേസെടുക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. സനീഷിന് മയക്കുമരുന്ന് കൈമാറുന്ന ഇടപാടുകാരിലേക്കും വാങ്ങാനെത്തിയ ആവശ്യക്കാരിലേക്കും വിരല്‍ ചൂണ്ടുന്ന സുപ്രധാന തെളിവായ സനീഷിന്റെ മൊബൈല്‍ ഫോണിലെ സി.ഡി.ആര്‍ രേഖകള്‍ ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇതു ലഭിക്കുന്ന മുറയ്ക്ക് ഇടപാടുകാരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഗോവയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.