സംസ്ഥാനത്ത് വില കുതിച്ചു കയറുന്നു; സര്‍ക്കാരിന് നിസ്സംഗത

അരിവില 50 കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അരിവില കുത്തനെ ഉയർന്ന് 50 കടന്നത്. ചെറിയ ഉള്ളി, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയും കുത്തനെ കുതിക്കുകയാണ്.

പൊതുവിപണിയില്‍ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിസംഗത. ഉള്ളി വില വീട്ടമ്മമാരുടെ കണ്ണുനനയ്ക്കുമ്പോള്‍ അരി വില കുടുംബ ബജറ്റ് പാടെ തകിടം മറിയ്ക്കുന്ന നിലയിലേക്കാണ് എത്തിയിട്ടുള്ളത്. പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധന വന്നതോടെ വിലക്കയറ്റം മൂലം പൊറുതി മുട്ടിയ അവസ്ഥയിലാണ് സാധാരണക്കാര്‍.

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇത്രയേറെ വര്‍ധനയുണ്ടാകുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. അഞ്ച് വര്‍ഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടില്ലെന്ന് ഉറപ്പ് നല്‍കി അധികാരത്തില്‍ എത്തിയ ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇതുവരെ ഉണ്ടാകാത്ത വിലക്കയറ്റം ജനത്തെ വലയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലിവില്‍പ്പന നിരോധനം ഇറച്ചിയുടെയും മീനിന്റെയും വില കുതിച്ചുയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കിയതിന് പിന്നാലെയാണ് മലയാളികളുടെ അടുക്കളയിലെ അവശ്യസാധനങ്ങളായ അരി അടക്കമുള്ള പലവ്യഞ്ജനങ്ങള്‍ക്ക് വില തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയിലെത്തിയത്.

മഴക്കാലം കൂടി എത്തിയതോടെ പണിയില്ലാതായ തൊഴിലാളി കുടുംബങ്ങളിലുള്‍പ്പെടെ അടുപ്പില്‍ തീ പുകയാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ്. കിലോയ്ക്ക് 50 രൂപ കടന്ന അരി വില ഇപ്പോള്‍ 55 വരെ എത്തി. റേഷന്‍ വിതരണം താറുമാറായതോടെ മിക്ക കുടുംബങ്ങള്‍ക്കും പൊതുവിപണി മാത്രമാണ് ആശ്രയം. നേരത്തേ അരിവില 50 -ല്‍ എത്തിയപ്പോല്‍ കൊണ്ടുവന്ന നിലവാരം ഇല്ലാത്ത ബംഗാള്‍ അരി ഇപ്പോഴും വാങ്ങാന്‍ ആളില്ലാതെ കെട്ടികിടക്കുകയാണ്. മദ്യമുതലാളിമാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ വേണ്ടി കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും ഏറെ ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇനിയും അറിഞ്ഞ മട്ടില്ല. വിലക്കയറ്റം ആരംഭിച്ച് ആഴ്ച ഒന്ന് പിന്നിടുമ്പോഴും വില പിടിച്ച് നിര്‍ത്താന്‍ വിപണിയില്‍ ഇടപെടാനോ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ ഇതുവരെ ശ്രമമൊന്നും നടത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികള്‍ മൂലം പൊറുതി മുട്ടിയ കാര്‍ഷിക മേഖലയ്ക്ക് അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇരുട്ടടി ആയി. അരി വിലയാണ് ഏറ്റവുമധികം കുതിച്ച് കയറിയത്. അടുക്കളയില്‍ ഒഴിവാക്കാനാകാത്ത മറ്റ് പല സാധനങ്ങളുടെയും വില കിലോയ്ക്ക് നൂറ് രൂപ കടന്ന് പൊള്ളുന്ന അവസ്ഥയിലാണ്. ഭക്ഷണ സാധനങ്ങളില്‍ മാറ്റി നിര്‍ത്താനാവാത്ത ചുവന്നുള്ളി വില കിലോഗ്രാമിന് 120 വരെ എത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ തുച്ഛമായ വിലയ്ക്ക് ലഭിച്ചിരുന്ന ഉള്ളി അരിയുമ്പോഴാണ് വീട്ടമ്മമാരുടെ കണ്ണ് നിറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വില കേള്‍ക്കുമ്പോള്‍ തന്നെ വീട്ടമ്മമാരുടെ കണ്ണ് നനയുകയാണ്. വെളിച്ചണ്ണ വിലയും ഇരട്ടിയായി വര്‍ധിച്ചു. കിലോഗ്രാമിന് 155 രൂപ വരെയാണ് വെളിച്ചെണ്ണയ്ക്ക് വില കുതിച്ച് കയറിയത്. ഉഴുന്നിന്റെ വില നൂറ് കടന്നപ്പോള്‍ ചെറുപയറിന് നൂറിനടുത്താണ് വില എത്തി നില്‍ക്കുന്നത്. രണ്ടാഴ്ചക്കുള്ളിലാണ് ഈ സാധനങ്ങളുടെ എല്ലാം വില വാണം പോലെ കുതിച്ചുയര്‍ന്ന് സാധാരണക്കാരുടെ അടുപ്പ് പുകയാത്ത സ്ഥിതിയിലേക്കെത്തിയത്. പച്ചക്കറികളുടെ വിലയിലും വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ താരപദവിയിലെത്തി സാധാരണക്കാര്‍ക്ക് അപ്രാപ്യമായപ്പോള്‍ കടച്ചക്ക പോലെ ആര്‍ക്കും വേണ്ടാതിരുന്ന സാധനങ്ങള്‍ക്ക് പോലും വില 50-ലേറെയായി.

ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് അരി വില 50 രൂപ കടക്കുന്നത്. മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മട്ട, ജയ അരിയിനങ്ങളുടെ വിലയാണ് മുന്‍പുണ്ടാകാത്ത വിധം കുതിച്ചുയരുന്നത്. ഫെബ്രുവരി അവസാനത്തോടെയാണ് ഇതിന് മുന്‍പ് അരിവില 50 കടന്നത.് അന്ന് ജനരോഷം ഉയര്‍ന്നതോടെ ബംഗാളില്‍ നിന്നും ഗുണനിലവാരം ഇല്ലാത്ത അരി കൊണ്ടുവന്നത് ഗുണത്തേക്കാളേറെ ദോഷമായി. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി അന്ന് വിതരണത്തിന് എത്തിച്ച അരി ഗുണനിലവാരം ഇല്ലെന്ന കാരണത്താല്‍ ഇപ്പോഴും വാങ്ങാനാളില്ലാതെ സൂക്ഷിച്ച് വച്ചിരിക്കുകയാണ്. അരി വിറ്റ വകയില്‍ സഹകരണ സംഘങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ സംഘങ്ങള്‍ പലതും വില്‍പ്പന ഉപേക്ഷിക്കുകയായിരുന്നു.

സംഘങ്ങള്‍ക്ക് കിലോയ്ക്ക് 26.50 രൂപായ്ക്ക് സര്‍ക്കാര്‍ നല്‍കിയ അരി 25 രൂപയ്ക്ക് നല്‍കണമെന്നായിരുന്നു നിര്‍ദേശം. കയറ്റിറക്ക് കൂലിയും വാഹനക്കൂലിയുമടക്കം സംഘങ്ങള്‍ വഹിക്കേണ്ടി വന്നതോടെ ബംഗാള്‍ അരിവിതരണം പാടെ പരാജയമായി. സംഘങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കാന്‍ മാത്രമേ ബംഗാള്‍ അരി സഹായിച്ചുള്ളൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ റബറിന് വിലയിടിയുകയും കേന്ദ്രസര്‍ക്കാര്‍ റബര്‍ കാര്‍ഷികമേഖലയെ പാടെ തഴയുകയും ചെയ്തതോടെ കടക്കെണിയിലായ റബര്‍ അടക്കമുള്ള കാര്‍ഷിക മേഖല പ്രതിസന്ധിയിലായത് തൊഴിലാളികളെയും പട്ടിണിയിലാക്കിയിരിക്കുകയാണ്.