കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പി.ജെ. ജോസഫും മോന്‍സ് ജോസഫും ഇടഞ്ഞുതന്നെ

പിളര്‍പ്പിന്റെ സൂചന നല്‍കി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല. എം.എല്‍.എ മാര്‍ അസൗകര്യം അറിയിച്ചതിനാല്‍ യോഗം ചേര്‍ന്നില്ലെന്ന് കെ.എം. മാണിയുടെ വിശദീകരണം.

പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ വൈകുന്നേരം ഏഴിനാണ് പാലായിലെ വസതിയില്‍ കെ.എം മാണി എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, സി.എഫ് തോമസ് എന്നിവര്‍ യോഗത്തിനെത്തിയില്ല. ഇത് വാര്‍ത്തയായതോടെ മാണിയുടെ സമ്മര്‍ദത്തിന് വഴങ്ങി സി.എഫ് തോമസ് യോഗത്തിനെത്തുകയായിരുന്നു.

മൂന്നു മണിക്കൂറുകളോളം നാല് എം.എല്‍.എമാരും എം.പിമാരായ ജോസ് കെ. മാണിയും ജോയി എബ്രാഹാമും കൂടിയാലോചന നടത്തി. യോഗം നടക്കുന്ന സമയമത്രയും പി.ജെ ജോസഫ് തൊടുപുഴയിലെ തന്റെ വസതിയില്‍ ഉണ്ടായിരുന്നു. ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫോണെടുക്കാന്‍ മോന്‍സ് ജോസഫ് തയാറായില്ല. വിഷയത്തില്‍ തങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ളതിനാലാണ് ഇരുവരും യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സൂചന.

കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തില്‍ കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചത്. കെ.എം. മാണിയുമായി യാതൊരു ബന്ധവും പാടില്ലെന്ന പ്രമേയവും യോഗം പാസാക്കി. എന്നാല്‍ പ്രതിസന്ധി ഇത്ര രൂക്ഷമായ സാഹചര്യത്തില്‍ ചേര്‍ന്ന യോഗം പഴയ പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചതാണ് പിളര്‍പ്പിലേക്ക് വിരല്‍ ചൂണ്ടുന്നത്.