ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ നാടുകടത്തി പകവീട്ടുന്നു

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇടതുസർക്കാർ നാടുകടത്തി. സ്വന്തം ജില്ലയിൽനിന്ന് വിദൂര സ്ഥലത്തേയ്ക്കു സ്ഥലംമാറ്റിയാണ് പകപോക്കൽ.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി: കെ.വി.സന്തോഷ്കുമാർ ഇപ്പോൾ ക്ഷേത്രകവർച്ച അന്വേഷണസംഘത്തിന്റെ മേധാവിയാണ്. സ്വന്തം സ്ഥലം വടകര. നിയമനം നെടുമ്പാശേരിയിൽ. മറ്റൊരു ഡിവൈ.എസ്.പിയായിരുന്ന ജോസി ചെറിയാനെ മാറ്റിയത് കൊല്ലം ക്രൈംബ്രാഞ്ചിലേക്ക്. വീട് കോഴിക്കോട്ടും. ഡിവൈ.എസ്.പി  എം.ജെ.സോജനാകട്ടെ പാലക്കാട് ക്രൈംബ്രാഞ്ചിൽ. സ്വന്തം സ്ഥലം ചാലക്കുടിയിലും. പ്രതികളുടെ മൊബൈൽ ഫോൺ നമ്പറുകൾ തിരഞ്ഞു കണ്ടുപിടിച്ച സർക്കിൾ ഇൻസ്പെക്ടർ വി.വി.ബെന്നി തൃശൂർ കൺട്രോൾ റൂമിൽ. വീടാകട്ടെ, കോഴിക്കോട് കൂരാചുണ്ടിലും. പ്രതികാര പട്ടികയിൽ മുമ്പനായിരുന്ന എസ്.പി.: എ.പി.ഷൗക്കത്തലിയാകട്ടെ എൻ.ഐ.എയിൽ ഡപ്യൂട്ടേഷനിലാണ്. സി.ഐമായിരുന്ന ജയൻ ഡൊമിനിക്കും ടി.കെ.വിനോദനും എൻഫോഴ്സ്മെന്റിൽ ഡപ്യൂട്ടേഷനിൽ തുടരുന്നു. ഈ മൂന്നു ഉദ്യോഗസ്ഥർക്കെതിരെ മാത്രം പകപോക്കൽ നടന്നില്ല. ഇവർ കേന്ദ്രസർവീസിലാണ്. സ്ക്വാഡിൽ ഉൾപ്പെട്ട നിരവധി പൊലീസുകാരെ വിദൂര സ്റ്റേഷനിലേക്കു സ്ഥലംമാറ്റി. ടി.പി. കേസ് ഏകോപിപ്പിച്ച എ.ഡി.ജി.പി: വിൻസൺ എം പോൾ വിരമിച്ചു. എ.ഐ.ജി: അനൂപ് കുരുവിള ജോൺ എൻ.ഐ.എ. ഡപ്യൂട്ടേഷന് മടങ്ങി വന്നെങ്കിലും പൊലീസ് അക്കാദമിയിലെ അപ്രസ്കതമായ കസേരയിൽ ഒതുക്കി.