ബാര്‍ കോഴക്കേസില്‍ തെളിവില്ല; മാണിക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാവശ്യമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും ആരും തെളിവുമായി വരുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേസ് അവസാനിപ്പിക്കുന്നത്. മതിയായ തെളിവില്ലാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കോടതിയുടെ ഇടപെടല്‍ കൂടിയായതോടെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും വിജിലന്‍സ് പറയുന്നു.

കെ. എം മാണി ഇടതുപക്ഷത്തിനൊപ്പം ചേരുന്നെന്ന പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് വിജിലന്‍സിന്റെ ഈ തീരുമാനമെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. യുഡിഎഫ് ഭരണകാലത്ത് സിപിഎം ഏറ്റവും ശക്തമായ ആയുധമായി ഉപയോഗിച്ചിരുന്ന ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നതോടെ എല്‍ഡിഎഫിന് കെ എം മാണിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാമെന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ബാര്‍കോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും ആദ്യം നല്‍കിയ വിവരങ്ങളല്ലാതെ മറ്റൊരു തെളിവും കഴിഞ്ഞ 11 മാസമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഭരണമാറ്റത്തിന് ശേഷം, വിജിലന്‍സ് ഡയറക്ടറായി തോമസ് ജേക്കബ് രണ്ടാമതും വന്നതോടെ ബാര്‍ കോഴക്കേസില്‍ അന്വേഷണം ശക്തമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ജേക്കബ് തോമസ് ആകട്ടെ ഇപ്പോള്‍ അവധിയിലുമാണ്. കെഎം മാണിക്ക് പണം എത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം പിന്നീട് അത് നിഷേധിച്ചതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

കെഎം മാണി നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി പലവട്ടം അന്വേഷണ പുരോഗതി ചോദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് നിലനിര്‍ത്തുന്നത് കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനം ഉണ്ടാക്കാന്‍ കൂടി കാരണമാകുമെന്നു വിലയിരുത്തിയാണ് വിജിലന്‍സ് കേസ് അന്വേഷണം നിര്‍ത്തുന്നത്. വിജിലന്‍സിന്റെ നിലവിലെ മേധാവി ലോക്‌നാഥ് ബെഹ്ര ആയതിനാല്‍, ബാര്‍ കോഴക്കേസില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോയ ജേക്കബ് തോമസിന്റെ മേല്‍നോട്ടമില്ലാതെയാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുക.