തോമസ് ഐസക് – ജി. സുധാകരന്‍ പോര് രൂക്ഷം; ഔദ്യോഗിക യോഗത്തില്‍ ധനമന്ത്രിക്ക് രൂക്ഷവിമര്‍ശനം

ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരെ ഔദ്യോഗിക യോഗത്തില്‍ ആഞ്ഞടിച്ച് വീണ്ടും മന്ത്രി ജി. സുധാകരന്‍ രംഗത്ത്. കടല്‍ഭിത്തി കെട്ടാത്തതിനാല്‍ തീരപ്രദേശത്തെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നതാണ് സുധാകരനെ ചൊടിപ്പിച്ചത്. തീരപ്രദേശത്ത് കടല്‍ഭിത്തിക്കായി കരിങ്കല്ലടിക്കുന്നത് ശാസ്ത്രീയമല്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും തോമസ് ഐസക്കും പറഞ്ഞിരുന്നു.

ഐസക്കിന്റെ നേതൃത്വത്തില്‍ കയര്‍ചാക്കില്‍ മണ്ണ് നിറച്ച് വെയ്ക്കുന്ന പണിയും നടത്തിയിരുന്നു. ഇതിനെതിരെയാണ് സുധാകരന്‍ കലിതുള്ളിയത്. തീരപ്രദേശത്ത് ഒരു കഷ്ണം കല്ലിറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

സ്ഥിരം തീരപ്രദേശത്ത് പോയിരുന്ന താനിപ്പോള്‍ രണ്ടുമാസമായി ആ ഭാഗത്തേയ്ക്ക് പോകാന്‍ പറ്റാത്ത നിലയിലാണെന്ന് സുധാകരന്‍ പറഞ്ഞു. തീരദേശത്ത് കല്ലടിക്കില്ലെന്ന് ചിലര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടയമ്മയെക്കൂടി ലക്ഷ്യം വെച്ച് സുധാകരന്‍ ആഞ്ഞടിച്ചു.

ഖജനാവിലെ പണം തീര്‍ത്തശേഷം കടല്‍ ഭിത്തി കെട്ടാന്‍ വരേണ്ടെന്നും പരീക്ഷണങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പു കിട്ടിയിട്ടുവേണം നടത്താനെന്നും സുധാകരന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരെ മുന്നൊരുക്കം നടത്തുന്നതിന് കളക്‌ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രി തോമസ് ഐസക്ക് പങ്കെടുക്കാത്തതിനെതിരേയും മന്ത്രി രൂക്ഷ വിമര്‍ശന മുന്നയിച്ചു. തിരുവല്ല താലൂക്കിലെ വരട്ടാറില്‍ ചിലര്‍ മഴനടത്തത്തിന് പോയിരിക്കുകയാണെന്നും രോഗങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അവിടെപ്പോയി കറങ്ങുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു.