രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താൻ സോണിയ ഗാന്ധി മമതാ ബാനർജി കൂടിക്കാഴ്ച്ച

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻറെ പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി തിങ്കളാഴ്ച കോൺഗ്രസ് പ്രസിഡണ്ട് സോണിയഗാന്ധി ബംഗാൾ മുഖ്യമന്ത്രി മമതബാനർജിയുമായി കൂടികാഴ്ച നടത്തും. ഡെൽഹിയിൽ സോണിയഗാന്ധിയുടെ വസതിയിലാണ് കൂടികാഴ്ച. സോണിയഗാന്ധിയും സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

ഭക്ഷ്യവിഷ ബാധയെ തുടർന്ന ചികിത്സയിലായ സോണിയഗാന്ധി ആശുപത്രിയിൽ നിന്നാണ് മമത ബാനർജിയുമായി ടെലിഫോണിൽ സംസാരിച്ചതും തിങ്കളാഴ്ച ഡെൽഹിയിൽ ചർച്ച നടത്താൻ തീരുമാനിച്ചതും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർത്ഥിയെ നിറുത്താനുള്ള ശ്രമത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാകും തിങ്കളാഴ്ചത്തെ കൂടികാഴ്ച. ബിജെപിയെ എതിർക്കുന്ന പാർട്ടികളിൽ മുൻപന്തിയിലാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്സെങ്കിലും പ്രാദേശിക സമ്മർദ്ദം കാരണം പരസ്പരം സഹകരിക്കാൻ ഇടത് പാർട്ടികളും തൃണമൂൽ കോൺഗ്രസും തയ്യാറായിരുന്നില്ല. എന്നാൽ റോസ് വാലി ചിട്ടിതട്ടിപ്പിലടക്കം പ്രമുഖ നേതാക്കൾക്കെതിരെ തന്നെ സിബിഐ കേസ് എടുത്തസാഹചര്യത്തിൽ രാഷ്ട്രപതി തിരഞ്ഞെടപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന് പൊതുസ്ഥാനാർത്ഥിയെന്ന നിർദ്ദേശത്തോട് മമത സഹകരിക്കുമെന്ന് തന്നെയാണ് സൂചന. പൊതുസ്ഥാനാർത്ഥിയെന്ന നിർദ്ദേശം കേന്ദ്രകമ്മിറ്റി അംഗീകരിച്ചതോടെ സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി സോണിയഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.

തുടർന്നാണ് ഇരുവരും ചേർന്ന് മറ്റ് പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാനുള്ള കൂടികാഴ്ചകൾ തുടങ്ങിയത്. സോണിയഗാന്ധി ഇതിനോടകം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും, എൻസിപി നേതാവ് ശരത് പവാറുമായും മറ്റ് ചില പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. കോൺഗ്രസുമായി അടുത്തബന്ധമില്ലാത്ത ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കുമായി സീതാറാം യെച്ചൂരിയും ചർച്ച നടത്തിയിരുന്നു. നിലവിൽ 25000നടത്തു മൂല്യമുള്ള വോട്ട്ുകളുടെ കുറവുണ്ട് ബിജെപിക്ക് സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ.

അണ്ണഡിഎംകെയിലെ വിവിധ വിഭാഗങ്ങൾ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിക്ക് ഈ കുറവ് മറികടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. എങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പ് അവസരമാക്കി് 2019ൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരു കുടകീഴിൽ അണിനിരത്താൻ കൂടി ലക്ഷ്യമിട്ടാണ് കോൺഗ്രസും സിപിഎമ്മും പൊതുസ്ഥാനാർത്ഥിയെന്ന നിർദ്ദേശവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അടുത്തമാസം 3ന് കരുണാനിധിയുടെ 94ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന വിശാല രാഷ്ട്രീയ സംഗമം പ്രതിപക്ഷ കൂട്ടായ്മയുടെ പ്രഖ്യാപനം കൂടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സോണിയഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചെന്നൈയിലെത്തും.