ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ കപില്‍ മിശ്ര കുഴഞ്ഞു വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പുതിയ ആരോപണങ്ങളുമായാണ് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര വാര്‍ത്താ സമ്മേളനം നടത്തിയത്. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ആം ആദ്മി പാര്‍ട്ടി നേതൃത്വം സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്നും മിശ്ര വെളിപെടുത്തി.
മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചതിലടക്കം നിരവധി അഴിമതികളാണ് നടത്തിയിട്ടുള്ളത്. തന്റെ കയ്യില്‍ എല്ലാത്തിനും തെളിവുകളുണ്ട്. പാര്‍ട്ടിക്ക് 25 കോടി ലഭിച്ചിട്ടുണ്ട്. 20 കോടിയെന്നാണ് രേഖകളിലുള്ളത്. ബാക്കി അഞ്ചു കോടി എവിടെ- മിശ്ര ചോദിച്ചു. മറ്റൊരു കണക്കില്‍ 15 കോടിയുടെ വൈരുദ്ധ്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തിരിമറികളില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മിശ്ര ആവശ്യപ്പെട്ടു. കടലാസ് കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപയാണ് കെജ്‌രിവാള്‍ സംഭാവനയായി വാങ്ങിയതെന്നും ഇതും അന്വേഷണ പരിധിയില്‍ വരണമെന്നും മിശ്ര ആവശ്യപ്പെട്ടു.
നേരത്തെ വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്രയുടെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
















































