അഴിമതിക്കെതിരെ പറഞ്ഞ് അധികാരമേറ്റ ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു; മാണിക്കെതിരായ കേസുകള്‍ ഒതുക്കാന്‍ വിജിലന്‍സിന്റെ മെല്ലെപ്പോക്ക്

തിരുവനന്തപുരം: അഴിമതിക്കെതിരെ മുദ്രാവാക്യമുയര്‍ത്തിയാണ് പിണറായിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലേറിയതും. അതില്‍ ഏറ്റവും പ്രധാന അഴിമതി ആരോപണം ബാര്‍കോഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ വഴി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷികര്‍ വിലയിരുത്തുന്നത്.

കെ.എം. മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സ് നടത്തുന്നത് മെല്ലെപ്പോക്ക്. വ്യത്യസ്തമായ ഉള്ളടക്കമുള്ള സത്യവാങ്മൂലങ്ങള്‍ നല്‍കി കേസുകള്‍ ദുര്‍ബലമാക്കാനും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് വരുത്തി തീര്‍ക്കാനും തകൃതിയായ നീക്കങ്ങളും നടക്കുന്നു. അന്വേഷണത്തിന് സമയം നല്‍കാതെ ഉദ്യോഗസ്ഥരെ തുടര്‍ച്ചയായി ഹൈക്കോടതിയിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ പിന്‍ബലമുള്ള പ്രോസിക്യൂട്ടര്‍മാരും കേസൊതുക്കാന്‍ ഒത്താശ ചെയ്യുന്നു.

അന്വേഷണം തെറ്റായിപ്പോയെന്ന വിജിലന്‍സ് സത്യവാങ്മൂലം പരിഗണിച്ച്, മാണിക്കെതിരായ ബാറ്ററി നികുതിയിളവ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോട്ടയത്തെ കമ്പനിക്ക് മുന്‍കാലപ്രാബല്യത്തോടെ നികുതിയിളവ് അനുവദിച്ചതിലൂടെ സര്‍ക്കാരിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തി വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് രജിസ്റ്റര്‍ ചെയ്ത കേസാണ് എഴുതിത്തള്ളിയത്.

സര്‍ക്കാരിന് നഷ്ടമുണ്ടായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം കുറ്റപത്രം നല്‍കാമെന്നുള്ള സത്യവാങ്മൂലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങവേയാണ് ഉന്നതതല ഇടപെടലുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ഫയലുമായി വിളിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അധികാരമില്ലാത്ത വിഷയത്തില്‍ അന്വേഷണം നടത്തിയത് തെറ്റായിപ്പോയെന്ന് വിജിലന്‍സിന്റേതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലമെത്തി.

ബാര്‍ കോഴക്കേസില്‍ പലപ്പോഴായി നല്‍കിയ അഞ്ച് വ്യത്യസ്ത സത്യവാങ്മൂലങ്ങള്‍ മാണിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന് വിജിലന്‍സ് മേധാവിയായിരിക്കേ ജേക്കബ് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എസ്.പി സുകേശന്‍ രണ്ടുവട്ടവും തുടരന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി നജ്മല്‍ഹസന്‍ ഒരുവട്ടവും സത്യവാങ്മൂലം നല്‍കി.

ഇതിനു പുറമേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. സതീശനും അദ്ദേഹം അറിയാതെ പ്രോസിക്യൂഷന്‍ ഡയറക്ടറും സത്യവാങ്മൂലം നല്‍കി. ഇതിനു പിന്നാലെ ഡിവൈ.എസ്.പി നജ്മല്‍ഹസന്‍ ആറുമാസത്തെ മെഡിക്കല്‍ അവധിയില്‍ പോയി. അന്തിമറിപ്പോര്‍ട്ട് നല്‍കാനിരിക്കേ, സി.ഐ പി.ആര്‍. സാരിഷും ചൊവ്വാഴ്ച മുതല്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു.

ബാര്‍കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നൊഴിവാക്കണമെന്നാണ് സാരിഷിന്റെ ആവശ്യം. മേയ് രണ്ടിന് അന്തിമറിപ്പോര്‍ട്ട് നല്‍കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം വിജിലന്‍സ് വകവച്ചില്ല. ബിജുരമേശ് ഹാജരാക്കിയ തെളിവുകളായ സി.ഡികളുടെ രാസപരിശോധനാഫലം ലഭിച്ചില്ലെന്ന് പറഞ്ഞ വിജിലന്‍സിനെ കോടതി വിമര്‍ശിച്ചു. ഒരുമാസത്തിനകം അന്തിമറിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ശങ്കര്‍റെഡ്ഡി ഡയറക്ടറായിരിക്കേ ബാര്‍ കോഴക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ രണ്ടുവട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് പുതിയ തെളിവുകള്‍ കിട്ടിയെന്ന് കോടതിയെ അറിയിച്ചശേഷം തുടങ്ങിയ രണ്ടാംവട്ട തുടരന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ടോ കുറ്റപത്രമോ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള ലോക്‌നാഥ് ബെഹ്‌റയുടെ അനുമതിയോടെയേ അന്തിമറിപ്പോര്‍ട്ട് നല്‍കാവൂ എന്നാണ് പുതിയ ചട്ടം.