റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ സ്വകാര്യവത്കരിക്കുന്നു

തിരുവനന്തപുരം: റെയില്‍വേ ടിക്കറ്റ് റിസര്‍വേഷനിലെ വര്‍ധനയുടെ മറവില്‍ സ്വകാര്യവത്കരണത്തിന് നീക്കം. മുന്‍ സാമ്ബത്തിക വര്‍ഷത്തെക്കാള്‍ റിസര്‍വേഷനില്‍ വര്‍ധനവുണ്ടെങ്കിലും ടിക്കറ്റ് ബുക്കിങ്ങിന് സ്വകാര്യ പേയ്‌മെന്റ് റീ ചാര്‍ജിങ് സൈറ്റുകളെ ചുമതലപ്പെടുത്താനാണ് നീക്കം.

നിലവില്‍ ഐ.ആര്‍.സി.ടി.സി സംവിധാനമാണ് ഓണ്‍ലൈന്‍ റിസര്‍വേഷന് ഉപയോഗിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റിന് പുറമെ സാധാരണ ടിക്കറ്റുകള്‍ കൂടി ലഭ്യമാകുന്നതരത്തില്‍ സ്വകാര്യ വെബ്‌സൈറ്റുകള്‍ക്ക് അനുവാദം നല്‍കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

കണക്കുകള്‍ പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ ടിക്കറ്റ് റിസര്‍വേഷനില്‍ നാലുശതമാനം വര്‍ധനവാണുള്ളത്. 52.35 കോടി യാത്രക്കാരാണ് ഇക്കാലയളവില്‍ റിസര്‍വേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഹ്രസ്വദൂര യാത്രക്കുള്ള റിസര്‍വേഷനില്ലാത്ത കൗണ്ടര്‍ ടിക്കറ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട് -0.64 ശതമാനം.

769.59 കോടി യാത്രക്കാരാണ് റിസര്‍വ് ചെയ്യാതെ കൗണ്ടര്‍ ടിക്കറ്റുകള്‍ വഴി യാത്രചെയ്തത്. നിലവിലെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി റിസര്‍വേഷന്‍ വര്‍ധിപ്പിക്കാമെന്ന് വ്യക്തമായിട്ടും സ്വകാര്യവെബ്‌സൈറ്റുകള്‍ക്ക് റിസര്‍വേഷന്‍ ചുമതല നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഉന്നതരുടെ താല്‍പര്യങ്ങളാണെന്നാണ് സൂചന. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് സൈറ്റുകളുടെ സാധ്യതകളെക്കുറിച്ച് റെയില്‍വേ പഠനം നടത്തിയതായാണ് അറിയുന്നത്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും റിസര്‍വ് ബാങ്ക് അംഗീകരിച്ച പ്രീ-പെയ്ഡ് കാര്‍ഡുകള്‍ വഴിയും ഐ.ആര്‍.സി.ടി.സി മാതൃകയില്‍ സ്വകാര്യ വെബ്‌സൈറ്റുകളിലൂടെ ടിക്കറ്റ് എടുക്കാന്‍ കഴിയുന്നതരത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.

നിലവിലെ റിസര്‍വേഷന്‍ യാത്രക്കാരില്‍ പകുതിയോളം ഐ.ആര്‍.സി.ടി.സി വഴിയാണ് ടിക്കറ്റ് ബുക് ചെയ്യുന്നത്. ശേഷിക്കുന്നവര്‍ കൗണ്ടറുകള്‍ വഴിയും. ജനറല്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന വിചിത്രവാദവും റെയില്‍വേ ഉന്നയിക്കുന്നു.