കേരളത്തിലെ വാഹനരജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ചോര്‍ന്നു; വാഹനയുടമകളുടെ വിവരങ്ങള്‍ സ്വകാര്യ വെബ്‌സൈറ്റില്‍

സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ചോര്‍ന്നു. ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ മോട്ടോര്‍വാഹനവകുപ്പിന്റെ ഔദ്യോഗിക വിവരശേഖരങ്ങളാണ് ചോര്‍ന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മുഴുവന്‍ വിവരങ്ങളും വാഹന വില്‍പ്പനയില്‍ ഇടനിലക്കാരായിട്ടുള്ള കമ്പനിയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

2010 മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിത്തുടങ്ങിയത്. അതിനു മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിവരങ്ങളും അതോടൊപ്പം ഡിജിറ്റല്‍ രൂപത്തിലാക്കി ചേര്‍ത്തിരുന്നു.

മറ്റ് സംസ്ഥാനങ്ങളിങ്ങളിലേതടക്കം 20 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം. വാഹന്‍ സാരഥി എന്ന ഓണ്‍ലൈന്‍ സംവിധാനത്തിനു കൈമാറിയ രേഖകളാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

വാഹന ഉടമകളായിട്ടുള്ള സ്ത്രീകളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് (എന്‍ ഐ സി.) മോട്ടോര്‍വാഹനവകുപ്പിന് വേണ്ടി വിവരശേഖരസംവിധാനം ഒരുക്കിയത്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളെങ്കിലും ചോരാതിരിക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരിപ്പോള്‍.