എങ്ങനെ വെടിവെയ്ക്കാം എന്ന് പി.സി. ജോര്‍ജ്ജ് വക ക്ലാസ്

കോട്ടയം: തോക്ക് ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്‌ളാസ്സെടുത്ത് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് രംഗത്ത്. കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിലാണ് തോക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമുള്ള ഉപദേശങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എ എത്തിയത്.

കയ്യില്‍ ഒന്നാന്തരം ഒരു ട്വെല്‍വ് ബോറും ചെക്കോസ്ലോവാക്യന്‍ പിസ്റ്റളുമായി ജോര്‍ജ്ജ് കോട്ടയം എആര്‍ ക്യാമ്പിലെത്തിയപ്പോള്‍ ആദ്യം എല്ലാവരും ഒന്നമ്പരന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. ജില്ലയില്‍ തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ക്കായി പൊലീസ് സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ക്യാമ്പിലെത്തിയ ഉടന്‍ തോക്കുമായി നേരെ സ്റ്റേജിലേയ്ക്ക്. തുടര്‍ന്ന് സ്റ്റഡി ക്‌ളാസ് ആരംഭിച്ചു. എങ്ങനെ വെടിവയ്ക്കണം എന്നതായിരുന്നു വിഷയം.

തോക്ക് തന്‍െറ സന്തത സഹചാരിയാണെന്ന് ആദ്യമേ അദ്ദേഹം വ്യക്തമാക്കി. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും വിശദീകരണം. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്ഞത പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്താറുണ്ടെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. കൂടെ, കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നൊരു മുന്നറിയിപ്പും നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പേരാണ് ബോധവല്‍ക്കരണ പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.