മിഠായിത്തെരുവിലെ 192 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

കോഴിക്കോട് മിഠായിത്തെരുവിലെ 192 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടയുടമകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ജില്ലാ ഭരണകൂടമാണ് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. നേരത്തെ തന്നെ സുരക്ഷ പാലിക്കാത്ത കടകള്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷവും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

മിഠായിത്തെരുവില്‍ തീപിടിത്തം തുടര്‍ക്കഥയായ സാഹചര്യത്തില്‍ ജില്ലാഭരണകൂടം നടത്തിയ പരിശോധനയില്‍ കെട്ടിടങ്ങളിലധികവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. മൊത്തം 1300ല്‍ അധികം കടകളാണ് മിഠായിത്തെരുവില്‍ പ്രവര്‍ത്തിക്കുന്നത്.