പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നു: സി.പി. രാധാകൃഷ്ണന്‍

തിരുവനന്തപുരം: പരാജയഭീതി പൂണ്ട സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നതായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണന്‍. കാട്ടാക്കട മണ്ഡലത്തില്‍ അടക്കം ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനലുകള്‍ ആക്രമിക്കുകയാണ്. പ്രത്യശാസ്ത്ര അടിത്തറ നഷ്ടപ്പെട്ട മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അക്രമത്തിലൂടെ ബിജെപിയുടെ വിജയത്തിന് തടയിടാന്‍ ശ്രമിക്കുകയാണ്. അക്രമങ്ങളില്‍ പൊറുതിമുട്ടി കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസിന് പോലീസ് സ്‌റ്റേഷനുമുന്നില്‍ ധര്‍ണ നടത്തേണ്ടിവന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകും. ഇനിയും അക്രമം തുടര്‍ന്നാല്‍ അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിയ ഇടതുസര്‍ക്കാരിനെ കേരളത്തിലെ ജനം അറബിക്കടലിലെറിയും. ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി ഡി. രാജയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസിയല്ലാത്ത ഒരാള്‍ വിശ്വാസകാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് ? മുസ്ലിം പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കാനം ആവശ്യപ്പെടുമോ ? പുറമെ മതേതരത്വം പറയുന്നവര്‍ അകമേ മതമൗലികവാദം പറയുന്നവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രവാസികളായ മലയാളികളുടെ കഠിനാധ്വാനം കൊണ്ടാണ്. അല്ലാതെ മാറിമാറി ഭരിച്ചുമുടിപ്പിച്ച ഇടതുവലതു മുന്നണികളുടെ മിടുക്കല്ല. എല്ലാ ജില്ലകള്‍ക്കും മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ 11 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നേടി. എന്നാല്‍ കേരളം ഒരു മെഡിക്കല്‍ കോളേജിനു പോലും അനുമതി ചോദിച്ചിട്ടില്ല. മികച്ച ബുദ്ധിയും കഴിവുമുള്ള മലയാളി ഉന്നതവിദ്യാഭ്യാസം നേടണമെങ്കില്‍ കേരളത്തിന് പുറത്തുപോകണമെന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ ടൂറിസം വികസിക്കണമെങ്കില്‍ മികച്ച റോഡുകള്‍ ഉണ്ടാകണം. സമ്പന്നമായ തീരപ്രദേശം ഉണ്ടായിട്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്നും ദരിദ്രരായി തുടരുന്നു. അവര്‍ക്ക് താമസിക്കാന്‍ നല്ല വീടുപോലുമില്ല. കേന്ദ്രം നല്‍കുന്ന ഭക്ഷ്യവിഭവങ്ങളുപയോഗിച്ച് ഇടതുസര്‍ക്കാര്‍ സൗജന്യകിറ്റ് നല്‍കുന്നതു മാത്രമാണ് മിച്ചം. കേന്ദ്രം വലിയ അളവില്‍ വൈദ്യുതി നല്‍കുന്നതുകൊണ്ടാണ് കേരളത്തില്‍ പവര്‍കട്ട് ഇല്ലാത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കോന്നിയിലും തിരുവനന്തപുരത്തും എത്തും. എന്നാല്‍ അദ്ദേഹത്തിന്റെ റാലിക്ക് സംസ്ഥാന ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അനുമതി വൈകിപ്പിച്ച് പ്രധാനമന്ത്രിയുടെ റാലിക്ക് തടയിടാനാണ് ശ്രമം. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി കൊണ്ടൊന്നും എന്‍ഡഎയുടെ വിജയത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. തലശ്ശേരിയിലും ഗുരുവായൂരും എന്തു നിലപാട് സ്വീകരിക്കണമെന്നും രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.