സന്തോഷ് പണ്ഡിറ്റിന് നായികയായി മിനി റിച്ചാര്‍ഡ്‌

മിനി റിച്ചാർഡും സന്തോഷ് പണ്ഡിറ്റും നായികാ നായകന്മാരാകുന്ന പ്രണയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങൾ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിർമ്മിക്കാറുള്ളത്. എന്നാൽ ആ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ചിത്രത്തിലെ നായികയായ മിനി റിച്ചാർഡാണ് നിർമ്മാതാവിന്റെ റോളിൽ എത്തുന്നത്.

മമ്മുട്ടി നായകനായ അജയ് വാസുദേവ് ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീർന്നാൽ ഉടൻ മിനി റിച്ചാർഡുമായുള്ള ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കും.

ഒരു ഇന്ത്യൻ യുവാവിന്റേയും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ യുവതിയുടേയും കഥയാണ് പണ്ഡിറ്റ് തന്നെ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. കൊച്ചി, ബംഗളൂരു, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരണം. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷുട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇതു ആദ്യമാണ്. മലയാള സിനിമയിൽ സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന സ്വന്തം ചിത്രങ്ങളിലൂടെ യുവാക്കൾക്കിടയിൽ ഹരമായ മിനി റിച്ചാർഡ് ‘മഴയിൽ’ എന്ന ആൽബത്തിലൂടെയാണ് മലയാളികൾക്കിടയിൽ പ്രശസ്തയായത്. തുടർന്ന് അഭിമുഖങ്ങളിലൂടെ ചാനലുകളിലും പ്രശസ്തി നേടി. അമേരിക്കയിൽ താമസക്കാരിയായ കോട്ടയം സ്വദേശിനി മിനി റിച്ചാർഡ് പറങ്കിമല എന്ന ചിത്രത്തിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.