നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്ച തുടരുന്നു

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീണ്ടും വീഴ്ച. ബുധനാഴ്ച സഭയില്‍ ഉന്നയിച്ച 165 ചോദ്യങ്ങളില്‍ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയില്ല.

ജിഷ കേസ്, ടി.പി സെന്‍കുമാര്‍ വിഷയം, ലാവലിന്‍ കേസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിക്കാതിരുന്നത്. വിവരങ്ങള്‍ ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് പല ചോദ്യങ്ങള്‍ക്കും ലഭിച്ചത്. ലഭിച്ച മറുപടികള്‍ പലതും കൃത്യമായവയല്ലെന്നും അംഗങ്ങള്‍ക്ക് പരാതിയുണ്ട്.

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം റൂളിങ് നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് അഭിപ്രായപ്പെട്ട സ്പീക്കര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും അംഗങ്ങള്‍ക്ക് ഈമാസം 25 നകം കൃത്യമായ മറുപടി ലഭിക്കുമെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ റൂളിങ്ങിനുശേഷവും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതില്‍ അലംഭാവം തുടരുന്നുവെന്നാണ് പരാതി. നിയമസഭാ സമ്മേളനം തുടങ്ങിയശേഷമുള്ള 616 ചോദ്യങ്ങള്‍ക്കാണ് ഇനിയും മറുപടി ലഭിക്കാനുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെട്ടത്.