കഴക്കൂട്ടത്ത് മരിച്ചുപോയ ആൾക്കും ഇരട്ടവോട്ട് ; കർശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

    തിരുവനന്തപുരം; നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ മരിച്ചുപോയ ആൾക്കും ഇരട്ടവോട്ട് കണ്ടെത്തി. ഒരു വർഷം മുൻപ് മരണമടഞ്ഞ ധർമജൻ എന്ന വ്യക്തിക്ക് സ്വന്തം പേരിൽ ഒരു ബൂത്തിലും മറ്റൊരുപേരിൽ അതേ ഫോട്ടോയിൽ തന്നെ വേറെ ഒരു വോട്ടുമാണ് ഉള്ളത്. അതോടൊപ്പം ഒരേഫോട്ടോ ഉപയോഗിച്ച് പലപേരിൽ, പല ബൂത്തിൽ നാനൂറ്റി അൻപതിലേറെ വോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വോട്ടർ പട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ഇരട്ട വോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ പറഞ്ഞു. 2020 മേയിൽ മരണമടഞ്ഞ ധർമജന്റെ മരണ സർട്ടിഫിക്ക് ഉൾപ്പെടെ പുറത്ത് വിട്ടാണ് യുഡിഎഫ് വോട്ടർ പട്ടികയിലെ തട്ടിപ്പ് പുറത്തു കാട്ടിയത്.

    കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുളത്തൂരിൽ താമസിച്ചിരുന്ന വ്യക്തിയാണ് ധർമജൻ. അദ്ദേഹത്തിൻറെ കുളത്തൂർ പോസ്റ്റ് ഓഫീസ് പരിധിയിലെ സ്ഥിരം മേൽവിലാസത്തിൽ ഉള്ളവോട്ട് ഇപ്പോഴും വോട്ടർപട്ടികയിലുണ്ട്. ധർമജൻറെ അഛൻറെ പേര് നാരായണൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ വ്യക്തിയുടെ പടം ഉപയോഗിച്ച് ജയേന്ദ്രൻ എന്നപേരിൽ കണിയാവിളാകം എന്ന മേൽവിലാസത്തിൽ മറ്റൊരുവോട്ടും വോട്ടർ പട്ടികയിലുണ്ട്. അഛൻറെപേര് ചെല്ലമ്മ എന്നാണ് പട്ടികയിലുള്ളത്.എങ്ങിനെ ഇരട്ടിപ്പ് സംഭവിച്ചു എന്ന് ധർമജൻറെ ബന്ധുക്കൾക്കോ അയൽക്കാർക്കോ അറിയില്ല.

    കഴക്കൂട്ടത്തെ വോട്ടർപട്ടികയുടെ പ്രാഥമിക പരിശോധനയിൽതന്നെ 450 ൽഅധികം ഇരട്ടവോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരേഫോട്ടോ ഉപയോഗിച്ച് പലപേരുകളിലും പലമേൽവിലാസങ്ങളിലുമാണ് വോട്ടുകൾ. ഇത്തരത്തിൽ മണ്ഡലത്തിൽ കൂടുതൽ ക്രമക്കേടുകൽ നടന്നോ എന്നുള്ളത് ഉൾപ്പെടെ വോട്ടർപട്ടികയുടെ വിശദമായ പരിശോധന യുഡിഎഫ് പ്രവർത്തകർ തുടരുകയാണ്.