ബീഫ് കഴിക്കാറുണ്ടോ എന്ന് ചോദിച്ചു ? ഇല്ലെന്ന് മറുപടി, പിന്നീട് കൂട്ടബലാത്സംഗവും കൊലപാതകവും: നോയിഡയില്‍ നടന്നതെന്ത്

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന കൂട്ടബലാത്സംഗവും കൊലപാതകവും ബീഫിന്റെ പേരിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കൊള്ളയടിക്കും മുമ്പ് അക്രമികള്‍ മുസ്ലീമാണോ ബീഫ് കഴിച്ചിട്ടുണ്ടോ എന്നെല്ലാം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. പീഡനത്തിന് ഇരയായ സ്ത്രീകളുടെ അടുത്ത ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാഹനത്തില്‍ നിന്ന് വലിച്ചിറക്കിയ ശേഷം പ്രതികള്‍ ആദ്യം ചോദിച്ചത് നിങ്ങള്‍ മുസ്ലിങ്ങള്‍ ആണോയെന്നാണ്. സമ്മതിച്ചപ്പോള്‍, ബീഫ് കഴിക്കാറുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന മറുപടി നല്‍കിയപ്പോള്‍, പ്രതികള്‍ ശരീരത്തില്‍ ബലമായി പിടിച്ച് നിങ്ങളെ പാഠം പഠിപ്പിക്കുമെന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് സ്ത്രീകളുടെ അടുത്ത ബന്ധു പറയുന്നു. അതേസമയം, പൊലീസില്‍ പരാതി നല്‍കിയപ്പോള്‍, അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇക്കാര്യം പറയാന്‍ സാധിച്ചില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഗൃഹനാഥനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ, ഒരുസംഘമാളുകള്‍ കൂട്ടബലാത്സംഗം ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്ന കുടുംബം ജേവര്‍ബുലന്ദേശ്വര്‍ ഹൈവേയില്‍ വച്ചാണ് ആക്രമത്തിനിരയായത്. അക്രമികള്‍ കാറിന്റെ ടയറുകള്‍ക്കു നേരെ നിറയൊഴിച്ച ശേഷം നാല്‍പ്പതിനായിരം രൂപയും സ്വര്‍ണാഭരണവും കവര്‍ന്നു. കാറിലെ സ്ത്രീകള്‍ക്കു നേരെ തിരിഞ്ഞതു ചോദ്യം ചെയ്തയാളെ വെടിവച്ചുവീഴ്ത്തി. തുടര്‍ന്നു തോക്കിന്‍മുനയില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരുന്നു.