അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരൻ രാജന്‍ ചേട്ടന് ആദരാഞ്ജലി

ജോയിച്ചൻ പുതുക്കുളം
താമ്പാ, ഫ്‌ളോറിഡ: ഭാവതീവ്രമായ വരികള്‍ എഴുതുകയും, അതിനു സംഗീതം പകര്‍ന്ന് ആലപിക്കുകയും ചെയ്ത് പ്രവാസി മലയാളികളുടെ മനസ്സ് കീഴടക്കിയ അമേരിക്കന്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് വര്‍ഗീസ് (രാജന്‍ ചേട്ടന്‍- 75) ഓര്‍മ്മയായി.

വരികള്‍ക്ക് അതീതമായി ആലാപന വൈദഗ്ധ്യവും, സ്വരഭംഗിയുംകൊണ്ട് പ്രവാസത്തിന് സൗരഭ്യം പരത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം.

സംഗീതം പേശിക്കരുത്തായിരുന്നു അദ്ദേഹത്തിന്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍, നിരവധി വേദികളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമ്പ്രദായിക തുടര്‍ച്ചകളില്‍ നിന്നു മാറി തനതായ ശൈലി പിന്തുടര്‍ന്നിരുന്നു; അതാവാട്ടെ ഊര്‍ജ്ജവാഹിനികളായ നിരവധി ഗാനങ്ങള്‍ മലയാളത്തിന് ലഭിക്കുവാന്‍ ഇടയാവുകയും ചെയ്തു.

ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം നേടിയശേഷം മദ്രാസ് പാരീസ് കമ്പനിയില്‍ ചീഫ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. മലേഷ്യയില്‍ എന്‍ജിനീയറായിരിക്കെ 1965-ല്‍ അമേരിക്കയിലേക്ക് കുടിയേറി.

അമേരിക്കന്‍ ഐക്യനാടുകളില്‍ അന്ന് ഹരമായിരുന്ന “എല്‍വിസിന്റെ’ കുടത്ത ആരാധകനായിരുന്നു.പഴയ സിനിമാ ഗാനങ്ങള്‍ മുതല്‍ കലാഭവന്‍ മണിയുടെ പുതിയ “മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ…’ എന്ന ഗാനം വരെ പാടി മലയാളികളുടെ കള്‍ച്ചറല്‍ പരിപാടികളെ സമ്പന്നമാക്കിയിരുന്നു. സുപ്രസിദ്ധ ഗായകന്‍ യേശുദാസുമായി വേദി പങ്കിട്ടിരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ അടക്കമുള്ള എല്ലാ അസോസിയേഷനുകളിലും നിറസാന്നിധ്യമായിരുന്നു. ഏറ്റവും വലിയ പ്രോത്സാഹനവും വിമര്‍ശനവും ലഭിച്ചിരുന്നത് ഭാര്യയില്‍ നിന്നായിരുന്നുവെന്ന് പറയാറുണ്ടിയിരുന്നുവെന്നു സഹധര്‍മ്മിണി മോളി കുളങ്ങര എണ്ണംപറഞ്ഞ് സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ ഫോട്ടോഗ്രാഫര്‍, നടന്‍, സംവിധായകന്‍ തുടങ്ങി നിരവധി മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു. പ്രേം നസീര്‍ മുതല്‍ പുതിയ തലമുറയിലെ ബാബു ആന്റണിയോടൊപ്പം വരെ അഭിയന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ ആദ്യ നാടക സമിതിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് “രാജേട്ട’നായിരുന്നു. സീറോ മലബാര്‍ ചര്‍ച്ചിന്റെ ആദ്യകാല സംഘാടകരില്‍ ഒരാളായിരുന്നു പരേതന്‍.ഈ മറുനാടന്‍ മലയാളിയെ വേണ്ടവിധം നമ്മള്‍ തിരിച്ചറിഞ്ഞോ? പരിഗണിച്ചോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

മാരാമണ്‍ ചക്കോളമണ്ണില്‍ പരേതരായ സി.വി. വര്‍ഗീസിന്റേയും, റേച്ചല്‍ വര്‍ഗീസിന്റേയും പുത്രനാണ്. കോട്ടയം കുളങ്ങരയില്‍ മോളി (Tampa Kumon of Town and Country adminstrator) ആണ് സഹധര്‍മ്മിണി.മക്കള്‍: ബീന റേച്ചല്‍ പോള്‍, റ്റീനാ സൂസന്‍ ജോസഫ്, സാജന്‍, സുജിത്ത്, സഞ്ജീവ്.മരുമക്കള്‍: ഡോ. പോള്‍സണ്‍, ഡോ. ഓജി ജോസഫ്, ഡോ. ജോയിസ് തോമസ്, ഹൈസല്‍ തോമസ്.

ഭൗതീക ശരീരം മെയ് 27-നു ശനിയാഴ്ച 6 മണിക്ക് (5501 Williams Road, Seffner, Florida, 33584) പൊതുദര്‍ശനത്തിനു വയ്ക്കും. 7 മുതല്‍ 8 വരെ അനുസ്മരണ സമ്മേളനവും നടക്കും.തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ മെയ് 28-നു ഞായറാഴ്ച 2.30-ന് സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടത്തും.

അടക്ക ശുശ്രൂഷകള്‍ 12609 Memmorial Dr. Trinity Newport Richy, Florida 34655-ല്‍ വച്ച് തുടര്‍ന്നു നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി കുളങ്ങര 813 453 2224, ബിജോയ് മാത്യു 813 842 1263, സജി കരിമ്പന്നൂര്‍ 813 263 6302).