പുതുവൈപ്പിനില്‍ എല്‍.പി.ജി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു

കൊച്ചി: പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു. ബുധനാഴ്ചത്തെ ചര്‍ച്ചവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഐ.ഒ.സി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സി.പി.എം നേതാവ് എസ്.ശര്‍മ അറിയിച്ചു.ബുധനാഴ്ച്ച സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നുണ്ട്.പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കു നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കെതിരെ നടന്നത് നിഷ്ഠൂരമായ ബലപ്രയോഗമാണ്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പുതുവൈപ്പിന്‍ പ്രശ്‌നവും ചര്‍ച്ച ചെയ്തിരുന്നു. അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് ലാത്തിച്ചാര്‍ജുണ്ടായത്. ഇത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക സംഭരണ ശാലയുമായി ബന്ധപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിനെതിരായ പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും രംഗത്തു വന്നു.സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്രനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.സ്ഥലത്തെ പൊലിസ് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും വി.എസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.