എം.എം. മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വിവാദ പ്രസംഗത്തിൽ മന്ത്രി എം.എം മണിക്കെതിരായ ഹരജി ഹൈകോടതി തള്ളി. വാക്കുകൾ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താൽപര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്. മണിയുടെ അഭിപ്രായങ്ങളോട് യോജിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊതുപരിപാടിക്കിടെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത് വഴി മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ദിവസങ്ങളോളം പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരവും നടത്തിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ഇന്ന് തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിയത് കൊണ്ട് പറഞ്ഞതിനെ അംഗീകരിക്കുകയല്ല ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

അടിമാലി ഇരുപതേക്കറിൽ മന്ത്രി എം.എം. മണി പറഞ്ഞത്:–

… അവിടെ ഇയാളടെ കൂടെയാ, സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ്കുമാർ വന്നിട്ടു കള്ളുകുടി, കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച… പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്, ഏതാ –––? (ഡിവൈഎസ്പിയുടെ പേരു പറയുന്നു) ആ..എല്ലാവരും കൂടെ കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ… പുള്ളിക്കങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..’’