എച്ച്1 എന്‍1 ആളെക്കൊല്ലുന്നു; ഇന്നലെ മാത്രം മരിച്ചത് മൂന്നുപേര്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം തുടരുന്നു. ഈ വര്‍ഷം നൂറ്റി പതിമൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവികളുടെ അടിയന്തരയോഗം ഇന്ന് ചേരും.

ഡെങ്കിപ്പനി പടരുന്ന തിരുവനന്തപുരം ജില്ലയില്‍ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടു. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പകര്‍ച്ചപ്പനി കൂടുതലുള്ള ഇടങ്ങളിലെ ആശുപത്രികളില്‍ കൂടുതല്‍ പനി വാര്‍ഡുകള്‍ തുടങ്ങാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഇന്നലെ എച്ച് 1 എന്‍ 1 മരണമുണ്ടായി. കോഴിക്കോട് എലിപ്പനിയെ തുടര്‍ന്ന് ഒരു മരണവും. 3721 ഡെങ്കികേസുകളില്‍ 2766 ഉം തിരുവനന്തപുരം ജില്ലയിലാണ്. 841962 പേരാണ് ജനുവരി മുതല്‍ മെയ് വരെ പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. 1222 കേസുകളില്‍ 484 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 150324 പേര്‍ വയറിളക്കം ബാധിച്ച് ചികിത്സക്കെത്തി. 16263 പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. ഇതില്‍ ആറ് പേര്‍ മരിച്ചു. 509 എച്ച് വണ്‍ എന്‍ വണ്‍ ബാധിതരില്‍ 39 പേര്‍ മരിച്ചു. ഇതാണ് ഈ വര്‍ഷത്തെ പകര്‍ച്ചവ്യാധി പടരുന്നതിന്റെ കണക്കുകള്‍.