പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ട മുഖമുള്ള വ്യക്തിയാണെന്ന് ഒ രാജഗോപാല്‍

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല രണ്ടു മുഖമുള്ള വ്യക്തിയാണെ് ഒ.രാജഗോപാല്‍ എംഎല്‍എ. എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ മുഖ്യമന്ത്രി ഏതു മാര്‍ഗവും സ്വീകരിക്കുമെന്നും ഒ.രാജഗോപാല്‍ ആരോപിച്ചു. കോഴിക്കോട് ജില്ലയില്‍ നടന്ന സര്‍വ്വകക്ഷി സമാധാന ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ മാസ്റ്റര്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹിംസയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു. ഹിറ്റ്‌ലര്‍ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ നടന്ന സര്‍വ്വകക്ഷി സമാധാനയോഗം പ്രഹസനമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് സമാധാനം നിലനിര്‍ത്തി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ ഉപവാസസമരം ആരംഭിച്ചിരിക്കുന്നത്.