ഭരണകക്ഷിയുടെ വിമര്‍ശനം: പോലീസ് സേനയില്‍ അമര്‍ഷം

മാവോയിസ്റ്റ് കേസുകളില്‍ പോലീസിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതായി ആക്ഷേപം

സര്‍ക്കാരിന്‍െറ നിലപാട് മാറ്റം നദീറിനെ വിട്ടയക്കുവാന്‍ കാരണമായി 

മാവോയിസ്റ്റ് വിഷയത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് അറിയാതെ പോലീസ് കുഴങ്ങുന്നു 

കണ്ണൂര്‍ : മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തില്‍ സംസ്ഥാന സര്‍ക്കാരിലും സി.പി.എമ്മിലും ഉണ്ടായ നിലപാട് മാറ്റത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷവും ആശങ്കയും. പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പരസ്യമായി പ്രതിഷേധിച്ചിട്ടില്ലെങ്കിലും സേനയിലെ മനംമടുപ്പ് മറച്ചു വെയ്ക്കുന്നില്ല. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും പോലീസ് വെടിവെപ്പില്‍ മരിച്ച സംഭവത്തില്‍ ഇടതുമുന്നണിയില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിയും സി.പി.എമ്മും പോലീസിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നത്. സി.പി.ഐ നേതാക്കളാണ് പോലീസിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

എന്നാല്‍ എഴുത്തുകാരന്‍ കമല്‍ സി. ചവറയുടെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിന്റെയും കാര്യത്തില്‍ പോലീസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രനേതൃത്വവും പരസ്യമായി നിലപാട് വ്യക്തമാക്കിയതോടെ ഇവര്‍ക്കെതിരായ അന്വേഷണം നടത്താന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായതാണ് പോലീസിലെ ചിലരെ ചൊടിപ്പിക്കുന്നത്. പൊലീസിനെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചിരുന്നതെന്ന വിമര്‍ശനവും ചിലര്‍ പങ്കുവെയ്ക്കുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ കണ്ണൂര്‍ ഇരിട്ടിയില്‍ എത്തിച്ച് ആറളം ഫാമിലെ ചിലരെ വിളിച്ചു വരുത്തി തിരിച്ചറിയാനുള്ള ശ്രമം പോലീസ് നടത്തിയിരുന്നു. ഇയാളെ വീട്ടമ്മ ഉള്‍പ്പെടെ തിരിച്ചറിഞ്ഞതായുള്ള വാര്‍ത്തകളും പോലീസില്‍ നിന്ന് പുറത്തുവന്നതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി ഫോട്ടോ കണ്ട ചിലര്‍ തിരിച്ചറിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിലെ നിലപാട് മാറ്റത്തോടെ പോലീസിന് തെളിവില്ലെന്ന് പറഞ്ഞ് ഇയാളെ വിട്ടയക്കേണ്ടി വരികയായിരുന്നു.

യു.എ.പി.എ രാജ്യദ്രോഹകുറ്റങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയും അനാവശ്യമായി പ്രയോഗിക്കുന്നതിന് പാര്‍ട്ടി എതിരാണെന്നുള്ള വിശദീകരണമാണ് സി.പി.എം നേതാക്കള്‍ നല്‍കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി.എസ്. അച്യുതാനന്ദനും പോലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും പരസ്യപ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.

എന്നാല്‍, പോലീസിനെ കുറ്റപ്പെടുത്തി സര്‍ക്കാരിനെ സംരക്ഷിക്കുന്ന സമീപനമാണ് കോടിയേരി സ്വീകരിച്ചത്. പ്രതിപക്ഷ സ്വരത്തില്‍ ഭരണപക്ഷ നേതാക്കളും സംസാരിക്കാന്‍ തുടങ്ങിയാല്‍ പോലീസ് എന്തു നിലപാട് എടുക്കണമെന്നാണ് ഉദ്യോഗസ്ഥരിലെ ആശങ്ക.