പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചു

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഗുണ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്തോടെ ആറ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കാന്‍ നേപ്പാള്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടു. നേപ്പാള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഇവ പരാജയപ്പെട്ടു എന്ന് അറിയിച്ചു.

ഉത്തരാഖണ്ഡില്‍ ഉല്‍പ്പാദിപ്പിച്ച ആറ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. വിവിധ ഷോപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് പതഞ്ജലിയുടെ നേപ്പാള്‍ ഘടകത്തോട് ഉടന്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ തിരിച്ച് എടുക്കാന്‍ ആവശ്യപ്പെട്ടു. ഇവ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം, എന്നിവയാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതോടെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ആയുര്‍വേദം, പ്രകൃദിത്തം എന്നീ ലേബലുകളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങളില്‍ 50% വും ഗുണനിലവാരം ഇല്ലാത്തവയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.