വിസ തട്ടിപ്പ്: മുന്‍ വൈദികനും കൂട്ടാളിയും പിടിയില്‍

കോന്നി : ഇറ്റലി, ഇസ്രയേല്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ കത്തോലിക്കാ സഭയിലെ മുന്‍ വൈദികനും കൂട്ടാളിയും പിടിയില്‍. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഫാ. ആന്റണി കണ്ടത്തില്‍ എന്ന പാസ്റ്റര്‍ ജോയ് ഫ്രാന്‍സിസ് (60), കായംകുളം പെരിങ്ങാല കല ഭവനില്‍ ഡോ. സന്തോഷ് മേനോന്‍ എന്ന വിജയകുമാര്‍ (47) എന്നിവരെയാണ് സി.ഐ. ആര്‍. ജോസ്, എസ്.ഐ. ബി. രാജഗോപാല്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.

ജോയ് ഫ്രാന്‍സിസിനെ മൂന്നു ദിവസം മുമ്പു പത്തനാപുരത്തു നിന്നും വിജയകുമാറിനെ ഇന്നലെ രാവിലെ കോയമ്പത്തൂരിന് സമീപം കുനിയമ്പുത്തൂരില്‍  നിന്നുമാണ് അറസ്റ്റ് ചെയ്തത്. പയ്യനാമണ്‍ വട്ടുവേലില്‍ സാംജോണിന്റെ മകന്‍ ഷിബുവിനെ ഇസ്രയേലില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് നാലര ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇതിനു പുറമേ വയനാട്, കോട്ടയം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നു നാലു പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. സുവിശേഷ വേലയുടെ മറയിലായിരുന്നു ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

പുരോഹിതനായിരുന്ന കാലത്ത് സഭയിലും ഇടവകകളിലും തട്ടിപ്പു നടത്തിയതിനു കത്തോലിക്ക സഭ പുറത്താക്കിയ ആളാണ് ഫാ. ആന്റണി കണ്ടത്തില്‍. ഇതോടെ ഇയാള്‍ പെന്തക്കോസ്ത് സഭകളില്‍ ചേര്‍ന്ന് സുവിശേഷം ആരംഭിച്ചെങ്കിലും ഫാ. ആന്റണി എന്ന പേര് ഉപയോഗിച്ചു. ഈ പേരിലെ വിശ്വാസ്യതയിലാണ് പലരും വീണത്. ഇതിന് മുമ്പും തട്ടിപ്പ് നടത്തിയതിന് ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആളുകളെ കബളിപ്പിക്കാന്‍ ഡോ. സന്തോഷ് മേനോന്‍ എന്ന പേര് വിജയകുമാര്‍ ഉപയോഗിച്ചിരുന്നു. മാത്രവുമല്ല ഔഡി, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളിലാണ് ഇയാള്‍ തട്ടിപ്പിന് ഇറങ്ങിയത്.

തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂര്‍ കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. വലയില്‍ വീഴ്ത്തുന്നവര്‍ക്ക് വിജയകുമാറിന്റെ അവിടത്തെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് നമ്പര്‍ നല്‍കിയിരുന്നു. പണം ഈ അക്കൗണ്ടില്‍ നി ക്ഷേപിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഒരാളില്‍ നിന്ന് പണം വാങ്ങിയാലുടന്‍ കൈയിലുള്ള സിംകാര്‍ഡ് മാറുന്നതായിരുന്നു ഇവരുടെ രീതി. ഇതുമൂലം ഇവരെ കണ്ടുപിടിക്കാന്‍ അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടി. സുവിശേഷ പ്രവര്‍ത്തനത്തിന്റെ പേര് പറഞ്ഞ് മൂന്നു ദിവസം മുമ്പു ജോയ് ഫ്രാന്‍സിസിനെ പത്തനാപുരത്തേക്ക് വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് തന്നെ റിമാന്റ് ചെയ്‌തെങ്കിലും വാര്‍ത്ത പുറത്തുവിട്ടില്ല. ഇതുകൊണ്ടാണു വിജയകുമാറിനെ പിടികൂടാന്‍ സാധിച്ചതെന്ന് എസ്.ഐ. ബി. രാജഗോപാല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ 450 വില്ലകളുടെ പദ്ധതി നടത്തുന്നതായാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ തുകയ്ക്കുള്ള ചെക്കുകള്‍ തയ്യാറാക്കി വച്ചിരുന്നത് പിടിച്ചെടുത്തിട്ടുണ്ട്.

വിജയകുമാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇറ്റലിയിലേക്കായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കുന്നതും ഇയാളുടെ പതിവാണ്. നിയമപരമായും അല്ലാതെയും ഇയാള്‍ മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഔഡി കാറില്‍ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. കുറ്റകൃത്യവുമായി ബന്ധമില്ലാത്തതിനാല്‍ പോലീസ് ഇവരെ വിട്ടയച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചു വരുത്തിയതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ജോയ് ഫ്രാന്‍സിസിനും നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സുവിശേഷ വേലയുമായി കായംകുളം, ഹരിപ്പാട് ഭാഗങ്ങളില്‍ കറങ്ങുന്നതിനിടെയാണ് തട്ടിപ്പുകാര്‍ ഒന്നിക്കുന്നത്. ഇതിനു ശേഷം പരസ്പരം ആസൂത്രണം ചെയ്തായിരുന്നു തട്ടിപ്പ്. ജോയിയും റാന്നി പോലീസിന്റെ പിടിയിലായി പത്തനംതിട്ട സബ് ജയിലില്‍ കിടന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, കായംകുളം സ്റ്റേഷനുകളിലാണ് രണ്ടു തവണ വിജയകുമാര്‍ അറസ്റ്റിലായത്. പിന്നീടാണ് തട്ടകം തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. ഇതോടെ, കേരളാ പോലീസിന്റെ ശല്യമില്ലാതെ തട്ടിപ്പു ശൃംഖല വളര്‍ന്നു. പത്രങ്ങളില്‍ വാര്‍ത്ത വരുന്നതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തു വരുമെന്നാണ് പ്രതീക്ഷയെന്ന് സി.ഐ. ജോയ് പറഞ്ഞു. അതിനു ശേഷം മാത്രമേ ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി അറിയാന്‍ കഴിയൂ.

.