പാക്കിസ്ഥാനെ വീണ്ടും നിലംപരിശാക്കി ഇന്ത്യ

ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. അഞ്ച്- എട്ട് സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മല്‍സരത്തില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തു.
നേരത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെ 1-7 ന്റെ വിജയം ഇന്ത്യ നേടിയിരുന്നു. ക്വാര്‍ട്ടറില്‍ മലേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് അഞ്ച് മുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് മല്‍സരിക്കേണ്ടി വന്നത്.
പാക്കിസ്ഥാനെതിരെ വീണ്ടും കൂറ്റന്‍ വിജയം നേടിയതോടെ അഞ്ച്, ആറ് സ്ഥാനങ്ങളിലൊന്ന് ഇന്ത്യയ്ക്ക് ഉറപ്പായി. ഇന്ന് കാനഡയെ തോല്‍പ്പിച്ചാല്‍ ലീഗിലെ അഞ്ചാം സ്ഥാനവുമായി ഇന്ത്യയ്ക്ക് മടങ്ങാം.

പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ രണ്ടു മല്‍സരത്തില്‍ കൂറ്റന്‍ വിജയം നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇന്ത്യയ്ക്കായി രമണ്‍ദീപ് സിംഗ് രണ്ടു ഗോള്‍ നേടി. ആകാശ്ദീപ് സിംഗ് (27), തല്‍വീന്ദര്‍ (25), ഹര്‍മന്‍പ്രീത് (36), മന്ദീപ് സിംഗ് (59) എന്നിവരുടേതായിരുന്നു മറ്റു ഗോളുകള്‍. എട്ട്, 28 മിനിറ്റുകളിലായിരുന്നു രമണ്‍ദീപിന്റെ ഗോളുകള്‍. പാക്കിസ്ഥാന്റെ ഏക ഗോള്‍ 41-ാം മിനിറ്റില്‍ അജാസ് അഹമ്മദ് നേടി.

മല്‍സരത്തിലുട നീളം വ്യക്തമായ ആധിപത്യം ഇന്ത്യയ്ക്കായിരുന്നു. പ്രത്യേകിച്ചും ആദ്യ ക്വാര്‍ട്ടറില്‍. ഒന്നാം ക്വാര്‍ട്ടറിലേറെയും പന്ത് പാക്കിസ്ഥാന്‍ ഭാഗത്തായിരുന്നു. എട്ടാം മിനിറ്റില്‍ രമണ്‍ദീപ് ഇന്ത്യയ്ക്കായി ആദ്യ ഗോളടിച്ചു.
രമണ്‍ദീപിന്റെ റിവേഴ്‌സ് ഫ്‌ളിക്ക് പാക് ഗോളിയെ കബളിപ്പിച്ച് വലയിലെത്തി. നാലു മിനിറ്റുകള്‍ക്ക് ശേഷം ആകാശ്ദീപിലൂടെ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഇന്ത്യ കളഞ്ഞുകുളച്ചു. രമണ്‍ദീപ് നല്‍കിയ പാസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ആകാശ്ദീപ് പുറത്തേയ്ക്ക് അടിച്ചു കളഞ്ഞു. ആദ്യ ക്വാര്‍ട്ടര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു ഗോളിന് മുന്നില്‍.

25-ാം മിനിറ്റില്‍ തല്‍വീന്ദറിലൂടെ രണ്ടാം ഗോള്‍. വലതു വിങില്‍ നിന്നും പര്‍ദീപ് മോര്‍ നല്‍കിയ ക്രോസില്‍ സ്റ്റിക്ക് വച്ച തല്‍വീന്ദറിന്റെ ലക്ഷ്യം തെറ്റിയില്ല. രണ്ടു മിനിറ്റുകള്‍ക്ക് ശേഷം ഇന്ത്യ ലീഡുയര്‍ത്തി. ആകാശ്ദീപിന്റേതായിരുന്നു ഗോള്‍. ഇടതു വിങില്‍ നിന്നും ആകാശ് ഉയര്‍ത്തിയടിച്ച പന്ത് ക്രോസ് ബാറില്‍ ഉരസി വലയിലേക്ക്. തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യയുടെ നാലാം ഗോള്‍ രമണ്‍ദീപിന്റെ വക.
എസ് വി സുനിലിന്റെ പാസില്‍ നിന്നായിരുന്നു രമണ്‍ദീപ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ നാലു ഗോളിന് മുന്നില്‍.

മൂന്നാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യയുടെ അഞ്ചാം ഗോള്‍.
പാക് പ്രതിരോധത്തെ അനായാസം മറികടന്നായിരുന്നു ഹര്‍മന്‍പ്രീത് ലക്ഷ്യം കണ്ടത്. 41-ാം മിനിറ്റില്‍ അജാസ് അഹമ്മദ് പാക്കിസ്ഥാനായി ആശ്വാസ ഗോള്‍ കുറിച്ചു. മല്‍സരം തീരാന്‍ സെക്കന്റുകള്‍ അവശേഷിക്കെ പാക്കിസ്ഥാന്റെ ശവപെട്ടിയിലെ അവസാന ആണി മന്ദീപ് സിംഗിന്റെ വക.