പി ടി ഉഷയ്ക്ക് ഡോക്ടറേറ്റ്

കൊച്ചി: ഇന്ത്യന്‍ അത്‌ലറ്റ് ഇതിഹാസം പി.ടി. ഉഷയ്ക്ക് കാണ്‍പൂര്‍ ഐ.ഐ.ടി. ഡോക്ടറേറ്റ് നല്‍കുന്നു. അത്‌ലറ്റ്, പരിശീലക എന്നീ നിലകളില്‍ ഇന്ത്യന്‍ കായികരംഗത്തിനും ഇന്ത്യയിലെ സ്ത്രീകള്‍ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ ഡോക്ടറേറ്റ് നല്‍കുന്നതെന്ന് ഐ.ഐ.ടി.യുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 16 ന് കാണ്‍പൂരിലെ ഐ.ഐ.ടി. കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. പ്രണബ് മുഖര്‍ജി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.

ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വനിതാ അത്‌ലറ്റായി കണക്കാക്കപ്പെടുന്ന ഉഷയ്ക്ക് ഇത് രണ്ടാം തവണയാണ് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ല്‍ കണ്ണൂര്‍ സര്‍വകലാശാല ഉഷയ്ക്ക് ഡി ലിറ്റ് സമ്മാനിച്ചിരുന്നു.

അതിനിടെ 15 ന് കോഴിക്കോട് കിനാലൂരിലെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ പുതിയ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി സിന്തിക് ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.