ഇന്ത്യന്‍ ടീമിനെ റാണി രാംപാല്‍ നയിക്കും

ന്യൂഡല്‍ഹി: വനിതാ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ സ്‌ട്രൈക്കര്‍ റാണി രാംപാല്‍ നയിക്കും. ജൂലൈ എട്ടു മുതല്‍ ജോഹന്നാസ്ബര്‍ഗിലാണ് ടൂര്‍ണമെന്റ്. ഡിഫന്റര്‍ സുശീല ചാനു പുഖാറമ്പം ആണ് വൈസ് ക്യാപ്റ്റന്‍.

ഡീപ്പ് ഗ്രെയ്‌സ് എക്ക, സുനിത ലാക്ര, മോണിക്ക, സുശീല, ഗുര്‍ജിത്ത് കൗര്‍ തുടങ്ങിയ പരിചയസമ്പന്നര്‍ ടീമിലുണ്ട്. സവിതയും ഇ രജനിയുമാണ് ഗോള്‍കീപ്പേഴ്‌സ്. റിത്തു റാണി, ലിലിമ മിന്‍സ്, നവ്‌ജോത് കൗര്‍, രേണുക യാദവ്, നികി പ്രധാന്‍, നമിത ടോപ്പോ എന്നിവര്‍ മിഡ്ഫീല്‍ഡില്‍ കരുത്തേകും. റാണി, വന്ദന കറ്റാരിയ, പ്രീതി ദുബെയ്, അനുപ ബാര്‍ല, റീണ കോഖര്‍ എന്നിവര്‍ മുന്നേറ്റ നിരയിലുണ്ടാകും.

ലീഗിന് മുന്നോടിയായി ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. അഞ്ചു മല്‍സര പരമ്പരയില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഇന്ത്യയ്ക്കായില്ല. എന്നാല്‍ വേള്‍ഡ് ലീഗ് സെമിഫൈനലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

2018 ല്‍ ലണ്ടനില്‍ നടക്കുന്ന വനിതാ ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണിത്. ലീഗില്‍ ദക്ഷിണാഫ്രിക്കയും അര്‍ജന്റീനയും ചിലിയും അമേരിക്കയും ഉള്‍പ്പെടുന്ന പൂള്‍ ബിയിലാണ് ഇന്ത്യ. പൂള്‍ എയില്‍ ജര്‍മനി, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ജപ്പാന്‍, പോളണ്ട് ടീമുകളും. ജൂലൈ എട്ടിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.
ഇന്ത്യന്‍ ടീം: സവിത, ഇ രജനി (ഗോള്‍ കീപ്പേഴ്‌സ്), ഡീപ്പ് ഗ്രെയ്‌സ് എക്ക, സുനിത ലാക്ര, ഗുര്‍ജിത്ത് കൗര്‍, സുശീല ചാനു (വൈസ് ക്യാപ്റ്റന്‍), മോണിക്ക (ഡിഫന്റേഴ്‌സ്), രേണുക യാദവ്, നികി പ്രധാന്‍, നമിത ടോപ്പോ, നവ്‌ജോത് കൗര്‍, റിത്തു റാണി, ലിലിമ മിന്‍സ് (മിഡ്ഫീല്‍ഡേഴ്‌സ്), റീണ കോഖര്‍, റാണി രാംപാല്‍ (ക്യാപ്റ്റന്‍), വന്ദന കറ്റാരിയ, അനുപ ബാര്‍ല, പ്രീതി ദുബെയ് (ഫോര്‍വേഡ്‌സ്).