ഉമ്മന്‍ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര; സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി മെട്രോയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ ജനകീയ യാത്രയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി എന്ന പരാതിയിന്‍മേല്‍ ജനകീയ യാത്രാ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.മെട്രോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ട് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ജനകീയ യാത്ര നടന്നതിനെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കെഎംആര്‍എല്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിയെന്നും ചട്ടലംഘനങ്ങള്‍ ഉണ്ടായിയെന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് ജനകീയ യാത്രാ സംഘാടകര്‍ക്കെതിരെ കെഎംആര്‍എല്‍ കേസ് കൊടുത്തത്. പരാതിയില്‍ നേതാക്കളുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എംഎല്‍ക്കും എംപിക്കും കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ വേദി നിഷേധിച്ചതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നു കെഎംആര്‍എല്‍ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടറാണ് അന്വേഷണം നടത്തിയത്.

ഈ മാസം 20നായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ജനകീയയാത്ര നടന്നത്. മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായാണ് സംഘാടകര്‍ യാത്രനടത്തിയതെന്നും നിയമലംഘനത്തിന് നടപടിയുണ്ടാകുമെന്നും കെഎംആര്‍എല്‍ അന്നുതന്നെ വ്യമാക്കിയിരുന്നു. ആയിരത്തിലേറെ പേര്‍ കയറിയിട്ടും 200പേര്‍ മാത്രമാണ് ടിക്കറ്റെടുത്തതെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കൂടാതെ ട്രയിനിലും പരിസരത്തും പ്രകടനം നടത്തുന്നത് മെട്രോ ചട്ടങ്ങള്‍ക്ക് നിയമവിരുദ്ധമായിരുന്നു. മെട്രോ കേടുപാട് വരുത്തിയതായി കെഎംആര്‍എല്‍ അഭിപ്രായപ്പെട്ടിരുന്നു.

നാല് നിയമലംഘനങ്ങളാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയതായി കെഎംആര്‍എല്‍ കണ്ടെത്തിയിരുന്നത്.

ട്രയിനിലും പരിസരത്തും പ്രകടനം നടത്തുന്നത് മെട്രോ ചട്ടങ്ങള്‍ക്ക് നിയമവിരുദ്ധം.ആറുമാസം തടവും ആയിരം രൂപ പിഴയുമാണ് മെട്രോ നയമനുസരിച്ച് അതിനുള്ള ശിക്ഷമറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് 500 രൂപയാണ് പിഴസാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്.

യാത്രയുടെ ഭാഗമായി ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ പൂര്‍ണമായും തുറന്നിടേണ്ടിവന്നിരുന്നു. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതായാണ് വിലയിരുത്തല്‍.

പരമാവധി കയറാവുന്ന യാത്രക്കാരുടെ എണ്ണം ആയിരമാണ്. എന്നാല്‍ ആളുകള്‍ ഇതിലുമപ്പുറം കയറിയപ്പോള്‍ വാതിലുകള്‍ അടയ്ക്കാനായില്ല.

നേരത്തെ നേതാക്കള്‍ മാത്രമുള്ള യാത്രയെന്നാണ് ഭാരവാഹികള്‍ അറിയിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റത്തെ തുടര്‍ന്ന് ടിക്കറ്റ് സ്‌കാനര്‍ യന്ത്രത്തിന്റെയും എസ്‌കലേറ്ററിന്റെയും പ്രവര്‍ത്തനവും നിര്‍ത്തിവെക്കേണ്ടാതായും വന്നിരുന്നു. സ്‌റ്റേഷനില്‍ മുദ്രാവാക്യം പാടില്ലെന്ന് തുടരെത്തുടരെ അറിയുപ്പുണ്ടായെങ്കിലും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ മു്ദ്രാവാക്യം വിളി അരങ്ങേറി.