‘എഴുത്തുകാര്‍ ഭരണകൂടത്തിന്റെ ആറാട്ടുമുണ്ടന്മാര്‍’- എഴുത്തുകാരെ പരിഹസിച്ച് വീക്ഷണം

ഭരണകൂട ഭീകരതയില്‍ എഴുത്തുകാര്‍ പുലര്‍ത്തുന്ന മൗനം ലജ്ജാകരം

അധികാരത്തിന്റെ എച്ചില്‍പ്പാത്രങ്ങള്‍ നോക്കി നടക്കുന്ന വായിനോക്കികള്‍

എഴുത്തുകാര്‍ വന്ധീകരിക്കപ്പെട്ടവര്‍ ഷണ്ഡന്‍മാര്‍

സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ എഴുത്തുകാരേയും സാംസ്‌കാരിക പ്രവര്‍ത്തകരെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം. ‘എഴുത്തുകാര്‍ ഭരണകൂടത്തിന്റെ ആറാട്ടുമുണ്ടന്മാര്‍’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഭരണകൂട ഭീകരത അഴിഞ്ഞാടിയിട്ടും കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇന്ന് പുലര്‍ത്തുന്ന മൗനവും നിസംഗതയും ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തുന്നു.

വ്യാജ ഏറ്റുമുട്ടലുകളും കരിനിയമങ്ങള്‍ ഉപയോഗിച്ചുള്ള അറസ്റ്റുകളും പൊലീസ് വേട്ടയും സംസ്ഥാനത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടും പ്രതികരണത്തിന്റെ വായ്ത്തലയൊടിഞ്ഞ ജഡരൂപങ്ങളായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സാംസ്‌കാരിക മഹത്തുക്കള്‍. മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതകള്‍ക്കെതിരെ ദേശീയ തലത്തില്‍ എഴുത്തുകാര്‍ പദവികള്‍ വലിച്ചെറിഞ്ഞും പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ചും പ്രതിഷേധിച്ചപ്പോള്‍ അതിന് ജയജയ പാടിയ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാര്‍ ഇന്ന് മൗന ധ്യാനത്തിന്റെ മാളങ്ങളിലൊളിച്ചിരിക്കുകയാണ്.

അധികാരത്തിന്റെ എച്ചില്‍ പാത്രങ്ങള്‍ നോക്കി വായില്‍ കപ്പലോട്ടുന്ന ആര്‍ത്തിപണ്ടാരങ്ങളായി മാറിയവര്‍ നിലമ്പൂര്‍ കാട്ടില്‍ മുഴങ്ങിയ വെടിയൊച്ചയും ചിതറിത്തെറിച്ച ചോരയും കേട്ടില്ലെന്നും കണ്ടില്ലെന്നും നടിക്കുന്നു. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രചോദനങ്ങളായിരുന്ന സാംസ്‌കാരിക നായകര്‍ ഇന്ന് വന്ധ്യജീവിതത്തില്‍ ബന്ധിക്കപ്പെട്ടവരാണ്. നെഞ്ചില്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയവരുടേയും തടവറച്ചുമരുകളില്‍ രക്തമുദ്ര ചാര്‍ത്തിവരുടേയും ധീരകഥകളും വീരഗാഥകളും എഴുതിയ ഇവരുടെ തൂലിക ഇപ്പോള്‍ ഭരണകൂടത്തിന് മംഗളപത്രമെഴുതുകയാണ്.

മാറില്‍ അവാര്‍ഡ് പതക്കം കുത്തിക്കൊടുക്കുകയും അക്കാദമി നിയമനപത്രങ്ങളില്‍ ഒപ്പിടുകയും ചെയ്യുന്ന അധികാരികളുടെ കൈകളില്‍ മുത്തമിടുന്ന ഭൃത്യമനസ്സിന്റെ ഉടമകളാണിവരിപ്പോള്‍. സാഹിത്യ സമ്മേളനങ്ങളിലും സാംസ്‌കാരിക കൂട്ടായ്മകളിലും കഴുകന്‍ കണ്ണുകളുമായി പൊലീസ് പിന്തുടര്‍ന്നെത്തിയിട്ടും പ്രതിഷേധിക്കാന്‍ പോലും ധൈര്യമില്ലാത്ത വിധം ഭരണകൂടത്തോട് സമരസപ്പെടുകയാണ് എഴുത്തുകാരെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.