പി.ടി തോമസ് ‘വീക്ഷണം’ എംഡിയാകുന്നു

കെ.പി.സി.സി ഇടപെട്ടത് എക്‌സി. എഡിറ്ററുടെ കാമകേളി വിവരിച്ച് ഊമക്കത്ത് ഇറങ്ങിയ പശ്ചാത്തലത്തില്‍

വീക്ഷണത്തില്‍ നുഴഞ്ഞുകയറിയ പാര്‍ട്ടി വിരുദ്ധരെ തുരത്താനും നിര്‍ദ്ദേശം

-രാജേഷ് ഗോപാലകൃഷ്ണന്‍-

കൊച്ചി:കോണ്‍ഗ്രസിന്റെ ഔദ്യോഗിക പത്രമായ വീക്ഷണത്തിന്റെ എം.ഡിയായി പി.ടി തോമസ് എം.എല്‍.എയെ കെ.പി.സി.സി നിയോഗിച്ചു. മുതിര്‍ന്ന നേതാവും എം.ഡിയുമായിരുന്ന എ.സി ജോസിന്റെ നിര്യാണത്തെത്തുടര്‍ന്ന് വീക്ഷണത്തില്‍നിന്ന് ആശാസ്യമല്ലാത്ത വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വി.എം സുധീരനും എ.കെ ആന്റണിയും ഇടപെട്ട് പി.ടി തോമസിന് ചുമതലയേല്‍പ്പിച്ചത്.

എ.സി ജോസിന്റെ മരണശേഷം എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ടി.വി പുരം രാജുവിനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. അടുത്തിടെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ കാമകേളി വെളിപ്പെടുത്തിയുള്ള ഊമക്കത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കെ.പി.സി.സി നടത്തിയ അന്വേഷണത്തില്‍ കത്തില്‍പ്പറയുന്നതിനെക്കാള്‍ നാണംകെട്ട ഇടപാടുകളാണ് വീക്ഷണം കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് വ്യക്തമായി.

എ.സി ജോസിന്റെ മരണശേഷമുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേക പരിശോധന നടത്താനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എ.സി ജോസിന്റെ കാലത്ത് വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ പേരിലുണ്ടായിരുന്ന അക്കൗണ്ടിന് പുറമെ വീക്ഷണം ഡെയ്‌ലി എന്ന പേരില്‍ മേനക ജംഗ്ഷനിലെ എസ്.ബി.ഐയില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയതും സംശയത്തിനിടയാക്കിയിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്ക് എം.ഡിയുടെ താല്‍ക്കാലിക ചുമതല നല്‍കിയതിന്റെ ഭാഗമായി കെ.പി.സി.സി നിര്‍വാഹക സമിതിയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് റദ്ദാക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

അടുത്തിടെ വേജ്‌ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കുന്നതിന്റെ ഭാഗമായി പരസ്യവിഭാഗത്തിലുള്ളവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കിയതും എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുറത്തുനിന്നുള്ളതോ കേന്ദ്ര സര്‍ക്കാരിന്റെയോ പരസ്യം കാലങ്ങളായി വീക്ഷണത്തിന് ലഭിക്കാറില്ല. പി.ആര്‍ഡിയില്‍നിന്ന് ലഭിക്കുന്നതും ഇങ്ങോട്ട് തേടിവരുന്നതുമായ പരസ്യങ്ങള്‍ മാത്രമാണ് വീക്ഷണത്തിന്റെ വരുമാനം.

ഇതിനിടെ പാര്‍ട്ടിയോടുള്ള അനുഭാവം കൊണ്ട് ഹിന്ദുവില്‍നിന്ന് രാജിവച്ച് തിരുവനന്തപുരം യൂണിറ്റിലെ റസിഡന്റ് എഡിറ്ററായിരുന്ന ജെ അജിത്കുമാറിന് യാത്രയയപ്പ് നല്‍കാന്‍ എക്‌സി. എഡിറ്ററും പരസ്യവിഭാഗത്തിലെ തീവെട്ടികളും തിടുക്കം കാട്ടിയത് സംബന്ധിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി സ്ഥാപനമെന്ന നിലയില്‍ വീക്ഷണത്തെ മുന്‍നിരപത്രങ്ങള്‍ക്കൊപ്പമെത്തിക്കുകയെന്ന ദൗത്യമാണ് പി.ടി തോമസിനെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസുകാരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ സ്ഥാപിനത്തിലെത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. പ്രസ് ജീവനക്കാരനെ എഡിറ്ററാക്കി പത്രത്തെ അവഹേളിച്ചതിനും ഇതോടെ പരിഹാരമാകും.

പി.ടി തോമസിനെ നിയമിച്ചതിന് പിന്നാലെ വീക്ഷണത്തിലെ എല്ലാ യൂണിറ്റുകളിലെയും ജീവനക്കാരുടെ വിവരങ്ങള്‍ കെ.പി.സി.സിക്ക് കൈമാറണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. പല യൂണിറ്റുകളും ഭരിക്കുന്നത് പത്രത്തില്‍ നുഴഞ്ഞുകയറിയ സി.പി.എം- ആര്‍.എസ്.എസ്- എന്‍ഡി.എഫ് അനുഭാവികളും പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലാത്തവരാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്.

related news:

വീക്ഷണം എക്‌സി. എഡിറ്ററുടെ കാമകേളി വെളിപ്പെടുത്തി ഊമക്കത്ത്