സെൻകുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ്.ശ്രീധരൻപിള്ള

കോഴിക്കോട്: മുൻ ഡി.ജി.പി ടി.പി.സെൻകുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി ദേശീയ നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് പി.എസ്.ശ്രീധരൻ പിള്ള രംഗത്ത്. സെൻകുമാർ ചരിത്രത്തിൽ സ്ഥാനുമുള്ള ആളാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. നേരത്ത, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും സെൻകുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു.

ഇടത് – വലത് മുന്നണികളിലെ പല പ്രമുഖരും ഉടൻതന്നെ ബി.ജെ.പിയിലെത്തും. അതിൽ ഏഴ്- എട്ട് തവണ എം.എൽ.എമാർ ആയവർ വരെയുണ്ടാവും. വിളിച്ചാൽ വരാൻ തയ്യാറായി നിരവധി പേർ രണ്ടു മുന്നണികളിലും കാത്തു നിൽപുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം, ബി.ജെ.പിയുടെ മുഖപത്രമായ ‘ജന്മഭൂമി’യുടെ പരിപാടിയിൽ സെൻകുമാർ പങ്കെടുത്തിരുന്നു. മാത്രമല്ല, ആർ.എസ്.എസിനേയും ഐസിസിനേയും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും സെൻകുമാർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.