വിംബിള്‍ഡണ്‍: വീനസ് മുഗുരുസ ഫൈനല്‍ ഇന്ന്

ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ സ്‌പെയിന്റെ ഗാര്‍ബിന്‍ മുഗുരുസയെ ഇന്ന് നേരിടുന്ന വീനസ് വില്യംസ് ലക്ഷ്യമിടുന്നത് ചരിത്ര നേട്ടം. ഓപ്പണ്‍ കാലഘ്ടത്തില്‍ ഗ്രാന്റ് സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡിന്റെ പടിവാതില്‍ക്കലാണ് 37 കാരി വീനസ്.

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിളങ്ങുന്ന വീനസ് ഏവരെയും അമ്പരപ്പിച്ചാണ് ഫൈനല്‍ വരെ എത്തിയത്. ആറു വിംബിള്‍ഡണ്‍ കിരീടങ്ങള്‍ വീനസിന്റെ ഷെല്‍ഫിലുണ്ട്. ഒമ്പതു വര്‍ഷം മുമ്പാണ് അവസാന വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്.

അന്നത്തെ പോരാട്ട വീര്യം വീനസ് ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചാല്‍ മുഗുരുസ കാഴ്ചക്കാരിയാകും. ഒരു ഘട്ടത്തില്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ച താരമാണ് ഫീനിക്‌സ് പക്ഷിയെ പോലെ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റത്. ഈ സീസണില്‍ ശ്രദ്ധേയ പ്രകടനങ്ങളോടെയാണ് വീനസിന്റെ കുതിപ്പ്. വര്‍ഷമാദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീനസ് റണ്ണേഴ്‌സ് അപ്പായിരുന്നു. സഹോദരി സെറീന വില്യംസിനോടായിരുന്നു അന്നത്തെ തോല്‍വി. അമ്മയാകാന്‍ ഒരുങ്ങുന്ന സെറീന വില്യംസ് വിംബിള്‍ഡണില്‍ പങ്കെടുക്കുന്നില്ല.

സെമിയില്‍ ബ്രിട്ടീഷ് പ്രതീക്ഷ ജോഹന്ന കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് തകര്‍ത്തത്. ഇതോടെ 23 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി വീനസ്. മാര്‍ട്ടീനാ നവരത്തിലോവയാണ് വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരം. പക്ഷെ കിരീടം നേടാന്‍ അവര്‍ക്കായില്ല.

എന്നാല്‍ ചരിത്ര നേട്ടം സ്വന്തമാക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് വീനസ്. മുഗുരുസ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് വീനസിന് നല്ല നിശ്ചയമുണ്ട്. രണ്ടു വര്‍ഷം മുമ്പ് മുഗുരുസയെ തോല്‍പ്പിച്ചാണ് വീനസിന്റെ സഹോദരി സെറീന വില്യംസ് വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്. ഫൈനലിന് മുമ്പ് സഹോദരിയുടെ ഉപദേശം തേടിയതായി വീനസ് സമ്മതിച്ചു.

അതേ സമയം വീനസിനെ വീഴ്ത്താമെന്നാണ് മുഗുരുസയുടെ കണക്കുകൂട്ടല്‍. മുന്‍ ടെന്നീസ് ഇതിഹാസം കോഞ്ചിത മാര്‍ട്ടിനെസിന്റെ പരിശീലനത്തിലാണ് മുഗുരുസ വിംബിള്‍ഡണില്‍ ഇറങ്ങിയത്.

പ്രതീക്ഷിയ്‌ക്കൊത്ത പ്രകടനം അവര്‍ ഇതുവരെ കാഴ്ചവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടിയതായിരുന്നു മുഗുരുസയുടെ ആദ്യ ഗ്രാന്റ് സ്ലാം നേട്ടം. പക്ഷെ തുടര്‍ന്ന് അവരുടെ പ്രകടനം താഴോട്ടായിരുന്നു. ലോക റാങ്കിങില്‍ ആദ്യ 10 ല്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാല്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയതോടെ പുതിയ റാങ്കിങില്‍ അവര്‍ ആദ്യ 10 ലുണ്ടാകുമെന്ന് ഉറപ്പായി. കിരീടം നേടിയാല്‍ ആദ്യ അഞ്ചിലാകും സ്ഥാനം.

മുഗുരുസയുടെ കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം ഫൈനലാണ്. വിംബിള്‍ഡണ്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് വനിതാ താരമാകാനുള്ള ഒരുക്കത്തിലാണ് മുഗുരുസ. 1994 ല്‍ മാര്‍ട്ടിനെസാണ് ഈ നേട്ടം കൈവരിച്ച ആദ്യ സ്പാനിഷ് താരം. ഏഞ്ചലിക്വെ കെര്‍ബര്‍, മഗ്ദലീന റൈബാരിക്കോവ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് മുഗുരുസ ഫൈനലില്‍ കടന്നത്.