ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് സെമിയിൽ

ഡെർബി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ പെൺകുട്ടികൾ വീണ്ടും ചരിത്രമെഴുതുന്നു. നിർണായക മൽസരത്തിൽ ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ കടന്നു. 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് കേവലം 79 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യൻ വിജയം.
ക്യാപ്റ്റൻ മിതാലി രാജ് നേടിയ തകർപ്പൻ സെഞ്ച്വറിയുടെ (109) പിൻബലത്തിൽ ഇന്ത്യ മികച്ച സ്‌കോർ നേടി. അഞ്ചു വിക്കറ്റ് നേടിയ രാജേശ്വരി ഗയ്‌ഗേവാദാണ് കിവീസ് ബാറ്റിങ് നിരയെ വീഴ്‌ത്തിയത്. സ്‌കോർ: ഇന്ത്യ265/7 (50), ന്യൂസിലൻഡ്79 (25.3).

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 123 പന്തിൽ 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മിതാലി 109 റൺസ് നേടിയത്. 45 പന്തിൽ 70 റൺസ് നേടിയ വേദ കൃഷ്ണമൂർത്തിയുടെ പ്രകടനവും ശ്രദ്ധേയമായി. ഹർമൻപ്രീത് കൗർ 60 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ചിറകരിഞ്ഞത് 7.3 ഓവറിൽ 15 റൺസ് മാത്രം വിട്ടുനൽകി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗയ്‌ഗേവാദാണ്. ദീപ്തി ശർമ രണ്ടുവിക്കറ്റും ഇന്ത്യയ്ക്കായി നേടി. 26 റൺസെടുത്ത സറ്റെർവൈറ്റ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. 1.1 ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായ ന്യൂസിലൻഡ് 25.3 ഓവർ ആയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ ഇക്കുറി കപ്പ് നേടുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.