കാക്കയെ കുളിപ്പിച്ച് കൊക്ക് ആക്കുന്നു; ബ്യൂട്ടീഷന്‍മാരുടെ സംഘടന നിലവില്‍ വന്നു

വികാസ് രാജഗോപാല്‍-

വ്യത്യസ്തരാം ബാര്‍ബറാം ബാലന്‍മാര്‍ അവിസ്മരണീയമാക്കിയിരുന്ന ബാര്‍ബര്‍ഷോപ്പുകള്‍ ഗ്രാമങ്ങളില്‍ പോലും ഇന്ന് വംശനാശഭീഷണി നേരിടുകയാണ്. പകരം ഓരൊ നാടിനും കുറഞ്ഞത് ഒന്ന് രണ്ട് ബ്യൂട്ടി പാര്‍ലറുകളെന്നത് നാട്ടുകാരുടെ സൗന്ദര്യ സംരക്ഷണത്തിന് അത്യന്താപേക്ഷിക ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരുകാലത്ത് വധുവിനെ അണിയിച്ചൊരുക്കാന്‍ അങ്ങിങ്ങ് പ്രത്യക്ഷപ്പെട്ടിരുന്ന ബ്യൂട്ടീഷന്‍മാര്‍ ഇന്ന് സംഘടനാരൂപം കൈവന്നുകഴിഞ്ഞു. ഓള്‍കേരള ബ്യൂട്ടീഷന്‍ അസോസിയേഷന്റെ ജില്ലാതല സമ്മേളനം ഇന്നലെ തിരുവനന്തപുരത്ത് നടന്നു.
ഒരു ആഗോള ജീവിയായ മലയാളിയുടെ സൗന്ദര്യ കാഴ്ച്ചപ്പാടുകള്‍ എന്നേ മാറിയിരിക്കുന്നു.
പെട്ടിക്കടകളില്‍ പോലും ലഭിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും, കേരളത്തിലെ വിപണിയിലേക്കുള്ള അന്താരാഷ്ട്ര ഭീമന്‍ ബ്രാന്‍ഡുകളുടെ ഇടിച്ച് കയറ്റവും തന്നെ നമ്മുടേത് എത്ര വലിയ വിപണിയാണെന്നുള്ളതിന്റെ സൂചകങ്ങളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളടെ വിപണിയില്‍ അറുപത് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളേതിനെക്കാള്‍ രണ്ടിരട്ടി വര്‍ദ്ധന.
വരും വര്‍ഷങ്ങളില്‍ ഇതൊട്ടും കുറയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളം തന്നെയാണ് ഇതില്‍ ഉപയോഗത്തില്‍ ഇന്ത്യയില്‍ മുന്നില്‍. പെടിക്യുര്‍, മാനിക്യുര്‍, സ്പാ തുടങ്ങിയ വാക്കുകള്‍ സാധാരണക്കാരുടെ പദാവലിയില്‍ ഉള്‍പ്പെട്ടിട്ട് അധികം വര്‍ഷങ്ങള്‍ ആയിട്ടില്ലെന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടത് തന്നെയാണ്.
വെളിച്ചെണ്ണയും മുല്ലപ്പൂവും അധികം പോയാല്‍ ചന്ദനവുമൊക്കെ സൗന്ദര്യ വര്‍ദ്ധനത്തിന് ഉപയോഗിച്ചിരുന്ന മലയാളി ഈ വിധം മാറിയത് 90 കള്‍ക്ക് ശേഷമാണ്. ആഗോളവല്‍ക്കരണം ഇന്ത്യന്‍ വിപണിയുടെ വാതിലുകള്‍ മലക്കെ തുറന്നു ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ വിപണിയിലേക്ക് തള്ളിക്കയറി. അതോടൊപ്പം ‘യാദൃശ്ഛികമാം വണ്ണം’ ഇന്ത്യയില്‍ നിന്നുള്ളവര്‍ ലോക സുന്ദരിപ്പട്ടം അടുത്തടുത്ത വര്‍ഷങ്ങളില്‍ സ്വന്തമാക്കി.
മലയാളിയുടെ കാഴ്ച്ചയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറി മറിഞ്ഞു. നിറം വെളുപ്പിക്കാനും രൂപാന്തരത്തിനുമായി ഇന്ന് ബ്യുട്ടീപാര്‍ലറുകളില്‍ ചിലവഴിക്കുന്നത് മണിക്കുറുകളാണ് .
ശരാശരി വരുമാനമുള്ള മലയാളി സ്ത്രീ പ്രതിമാസം 2000 രൂപയെങ്കിലും സൗന്ദര്യ സംരക്ഷണത്തിന് ചിലവഴിക്കുന്നുവെന്നാണ് ഏകദേശ കണക്കുകള്‍ പറയുന്നത്. സിനിമ സീരിയല്‍ താരങ്ങള്‍ മാത്രമല്ല ഇന്ന് ബ്യുട്ടീപാര്‍ലറുകളില്‍ പോകുന്നത് .കൗമാരക്കാര്‍ തൊട്ട് വാര്‍ദ്ധക്യത്തില്‍ ഉള്ളവര്‍ വരെ ബ്യുട്ടീപാര്‍ലറുകളെ ആശ്രയിക്കുന്നു.ചില കുടുംബങ്ങള്‍ ഒന്നിച്ചെത്തുന്നതായും ബ്യുട്ടീപാര്‍ലര്‍ നടത്തിപ്പുകാര്‍ പറയുന്നു. സൗന്ദര്യ വര്‍ധക-സംരക്ഷണ മേഘല തുറക്കുന്ന തൊഴില്‍ പരമായ സാധ്യതകള്‍ അനന്തമാണ്.
കേരളത്തിന്റ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ പരിധിയില്‍ മാത്രം 15000 ല്‍ അധികം ബ്യുട്ടീപാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നു. ആറു മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാപനങ്ങളിലെയും പ്രതിമാസ വരുമാനം. ഇത്തരം ഓരോ കേന്ദ്രങ്ങളെയും ആശ്രയിച്ച് നിരവധി തൊഴിലാളികള്‍ ജീവിക്കുന്നു.
ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ സംഘടനകളും രൂപപ്പെട്ട് കഴിഞ്ഞു. ബ്യൂട്ടീ പാര്‍ലര്‍ ഓണേഴ്‌സ് സമിതിയുടെ കണക്കുകള്‍ പ്രകാരം 30000 തൊഴിലാളികള്‍ ഈ മേഖലയില്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാക്‌മെ, ലോഓറിയല്‍ തുടങ്ങിയ ആന്താരാഷ്ട്ര കമ്പനികള്‍ അവരുടെ കേരളത്തിലെ ശൃംഖലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പ്രതിവര്‍ഷം കേരളത്തില്‍ 200 കോടി രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് വിറ്റഴിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നത്. കുടുംബശ്രീ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ ഉണ്ട്.
ഇത് തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്നും അതില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാനാണ് സംഘടന രൂപീകരിച്ചതെന്ന് ഇവര്‍ പറയുന്നു. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടീഷന്‍മാരുടെ എണ്ണംകൂടി കണക്കിലെടുക്കുമ്പോള്‍ വലിയ ജനവിഭാഗങ്ങള്‍ ഈ തൊഴിലിനെ ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്നുണ്ട്. വളര്‍ന്നുവരുന്ന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം ഗവണ്‍മെന്റുകള്‍ ഈ മേഖലയില്‍ സാങ്കേതിക പരിശീലനം നല്‍കുന്നത്. തിരുവനന്തപുരത്തും കളമശ്ശേരിയിലും കോസ്മറ്റോളജി, ബ്യൂട്ടി പാര്‍ലമെന്റ് മാനേജ്‌മെന്റ് എന്നിങ്ങനെ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
സൗന്ദര്യ സംരക്ഷണം മാത്രമല്ല അതോടൊപ്പം ഓരോരുത്തര്‍ക്കും ചേരുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ തെരഞ്ഞെടുക്കുന്നതും നിര്‍ദ്ദേശിക്കുന്നതുമായ മള്‍ട്ടിപര്‍പ്പസ് സലൂണുകളാണ് ഇപ്പോള്‍ പുതിയ ട്രെന്റ്. ഒരുകാര്യം, ഒരിക്കലെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ കയറാത്ത സ്ത്രീയോ പുരുഷനോ കേരളത്തില്‍ ഇല്ലായെന്നത് ഒരു പരമാര്‍ത്ഥമായിക്കഴിഞ്ഞു..