ദിലീപ്‌ – കാവ്യ ഫോൺസംഭാഷണം മഞ്ജുവിന് നടി നൽകിയത് വൈരാഗ്യത്തിന് കാരണം, കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്

കൊച്ചി: ദിപീല്–കാവ്യ ഫോൺസംഭാഷണം മഞ്ജു വാരിയർക്ക്, ആക്രമിക്കപ്പെട്ട നടി നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. വാനിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതിയെന്നും കുറ്റപത്രത്തിലുണ്ട്. ഇതിനായി വാനിന്റെ മദ്ധ്യത്തിൽ സ്ഥലവും ഒരുക്കിയിരുന്നു. ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ ബുധനാഴ്‌ച ഉച്ചതിരിഞ്ഞാണ് പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

നേരത്തെ, ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റിൽവച്ചും നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകിയതായും കുറ്റപത്രത്തിലുണ്ട്. ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിൻലാൽ എന്നിവരാണ് മാപ്പുസാക്ഷികൾ. പൾസർ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണിൽനിന്നാണെന്ന് കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലിൽനിന്ന് കത്തെഴുതിയത് വിപിൻലാൽ ആയിരുന്നു.

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉൾപ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. മഞ്ജു വാരിയർ പതിനൊന്നാം സാക്ഷിയാകും. സിനിമാ മേഖലയിൽ നിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. പൾസർ സുനി, വിജീഷ്, മണികണ്‌ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്‌തിരി സുനിൽ, വിഷ്‌ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ