രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

കൊച്ചി: രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്. അതും ഗോള്‍രഹിത സമനില. ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ മ്യൂളന്‍സ്റ്റീനിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്ത്രങ്ങളുമായി എത്തിയ ബ്ലാസ്റ്റേഴ്‌സിനായില്ല.

മത്സരം ആരംഭിച്ച് പത്താം മിനിറ്റില്‍ തന്നെ സികെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മുന്നേറ്റം. ജംഷഡ്പൂരിന്റെ ഗോള്‍മുഖം വരെയെത്തിയ ആക്രമണത്തില്‍ വിനീതിന്റെ ഉന്നം പിഴച്ചപ്പോള്‍ പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റില്‍ ലാല്‍റൗത്തോറയുടെ ഇടതുവശം ചേര്‍ന്നുള്ള മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും ജംഷഡ്പൂരിന്റെ പ്രതിരോധം പൊളിക്കാന്‍ ആ ശ്രമത്തിനുമായില്ല. പിന്നീടങ്ങോട്ട് ആദ്യ പകുതി വരെ പന്തിന്റെ നിയന്ത്രണത്തില്‍ സമ്പൂര്‍ണ ആധിപത്യം ബ്ലാസ്റ്റേഴ്‌സിനായിരുന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഫിനിഷിങിലെ താളപ്പിഴകളാണ് മഞ്ഞപ്പടക്ക് വില്ലനായത്.

രണ്ടാം പകുതി മുതല്‍ ഇരുടീമുകളും ഗോള്‍ കണ്ടെത്താന്‍ കിണഞ്ഞുശ്രമിച്ചു. മുന്നേറ്റവും പ്രതിരോധവും പരുക്കന്‍ മട്ടിലേക്ക് നീങ്ങിയതോടെ വിരുന്നുകാരുടെ മെഹ്താബ് ഹുസൈന് മഞ്ഞക്കാര്‍ഡും കിട്ടി. തൊട്ടുപിന്നാലെ ജംഷഡ്പൂരിന്റെ തന്നെ ജെറിയും കാര്‍ഡ് വാങ്ങി. മിനിറ്റുകളുടെ ഇടവേളയില്‍ ജെറിക്ക് പകരക്കാരനായി ഇറങ്ങിയ ഫറൂഖ് ചൗദരിയും മഞ്ഞക്കാര്‍ഡ് ഏറ്റുവാങ്ങി. അവസാന മിനിറ്റ് വരെ ഇരുടീമുകളും പൊരുതി നോക്കിയെങ്കിലും ഗോളൊന്നും വീണില്ല