രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്‍െ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയിലെന്ന് റിപ്പോര്‍ട്ട്. റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് കയ്യേറ്റമുണ്ടായിട്ടുണ്ടെന്നും രേഖകള്‍ നഷ്ടമായതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അവകാശവാദം ഉന്നയിക്കുന്ന അര ഏക്കറോളം വരുന്ന കായല്‍ പുറമ്പോക്ക് ഭൂമിയുടെ രേഖകള്‍ നശിപ്പിക്കപ്പെട്ടതായും, ഒന്നേകാല്‍ സെന്റ് കൈയ്യേറ്റ ഭൂമി സ്ഥിരീകരിച്ചതായും കോട്ടയം തഹസില്‍ദാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കയ്യേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് റദ്ദാക്കാനാവില്ലെന്നും, നിയമപരമായാണ് നോട്ടീസ് നല്‍കിയതെന്നും, വിശദീകരണത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, ഹര്‍ജിക്കാര്‍ ഹാജരാക്കിയ കായല്‍ പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കി കൊണ്ടുള്ള 1997 ലെ കളക്ടറുടെ ഉത്തരവ് സംശയകരമാണെന്നും, കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖരന്‍.