ആതുരാലയങ്ങള്‍ ബ്ലേഡ് കമ്പനികളാകുമ്പോള്‍

-വികാസ് രാജഗോപാല്‍-

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുകളല്ല ആതുര ശുശ്രൂഷ നല്‍കുന്ന സേവന സ്ഥാപനങ്ങളാകണം. 2011 ലെ സുപ്രീം കോടതി വിധിയില്‍ പറയുന്ന വാചകമാണിത്. ഇതൊരു കോടതി ഉത്തരവെന്ന നിലയില്‍ത്തന്നെ ഇപ്പോഴും ഒതുങ്ങുന്നു എന്നതാണ് പ്രഹസനം .
ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികളുടെ അറിവില്ലായ്മയെ മുതലെടുക്കുകയാണ് പ്രധാനമായും ഇവര്‍ചെയ്യുന്നത്. പ്രതീക്ഷയുടെ അവസാന നാമ്പുമായി എത്തുന്നവര്‍ കിടപ്പാടം വിറ്റുവരെ പണം കണ്ടെത്തേണ്ടി വരുന്നു. പലപ്പോഴും ശരിയായ രോഗമെന്താണെന്ന് കണ്ടെത്താതെ ആയിരിക്കും വന്‍തുക വരുന്ന ടെസ്റ്റുകളും ചികിത്സയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. ഫലത്തില്‍ നിരവധി പാര്‍ശ്വഫലങ്ങളുള്ള അനാവശ്യ ചികിത്സയും, ശസ്ത്രക്രിയയും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ.

രാവിലെ ഓഫീസിലേക്ക് പോകുന്നവഴിയാണ് മനു ബസില്‍ നിന്നും വീണ് പരിക്കേറ്റത്. ആലപ്പുഴ ജില്ലയിലുള്ള സ്‌കൂളിലെ പ്യൂണ്‍ ആയ മനു തോളിന് വേദനയുമായി എറണാകുളത്തെ പ്രശസ്തമായ സ്വകാര്യ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെത്തി. പരിശോധനകള്‍ നടന്നു. ഒടുവില്‍ എല്ലുരോഗ വിദഗ്ധനായ ഡോക്ട്ടര്‍ പറഞ്ഞു തോളെല്ലിന് സാരമായ പരിക്കുണ്ട്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തണം ഉടന്‍ തന്നെ ഒന്നര ലക്ഷം രൂപ അടച്ച് അഡ്മിറ്റാകണം.
മനുവിന്റെ വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന കുടുംബത്തിന് താങ്ങാനാവുന്നതിനും ഉയര്‍ന്ന തുകയായിരുന്നു അത്. സ്വകാര്യ ആശുപത്രി ഉപേക്ഷിച്ച് അവര്‍ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ട്ടര്‍ കുറച്ച് ഗുളികള്‍ കഴിക്കാന്‍ കുറിച്ച്‌കൊടുത്തു, കൈ അനക്കാതെ സ്ലിംഗിട്ട് തുക്കിയിടാനും നിര്‍ദ്ദശിച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വേദന പൂര്‍ണ്ണമായും മാറി. അദ്യം കണ്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാതിരുന്ന തീരുമാനത്തെ ഓര്‍ത്ത് ഇവരിപ്പോള്‍ സന്തോഷിക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല ബഹു ഭൂരിപക്ഷം സ്വകാര്യ ആശുപത്രകളിലും നടക്കുന്നത് തീവെട്ടിക്കൊള്ളയാണ് .ഒരേ ചികിത്സക്കും ശസ്ത്രക്രിയക്കും ഒരോ ആശുപത്രികളും തോന്നും വിധമാണ് ഫീസ് ഈടാക്കുന്നത്. ഈ തീവെട്ടിക്കൊള്ളക്ക് കടിഞ്ഞാണിടാന്‍ നിലവില്‍ ഏകീക്രത സംവിധാനങ്ങള്‍ ഒന്നും തന്നെ നിലവിലില്ല. പാവപ്പെട്ട രോഗികളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ ചെയ്യുന്നതെന്ന് പ്രശസ്ത ന്യൂറോ സര്‍ജന്‍ പി.കെ മനോജ് പറയുന്നു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഈ വിഷയത്തില്‍ ആശുപത്രികളുടെമേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് പരിമിതികളുണ്ട്. നിലവിലെ നിയമങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്ന പ്രകാരം റേറ്റ് ചാര്‍ട്ട് ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. പകരം ആളും തരവും നോക്കി ഫീസ് നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
പണം മാത്രം ലക്ഷ്യമിടുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി മാറിയ സ്വകാര്യ ആശുപത്രകളില്‍ പ്രതിമാസം ഡോക്ടര്‍മാര്‍ കളക്റ്റ് ചെയ്യേണ്ട പണത്തിന് ടാര്‍ഗറ്റും നല്‍കാറുണ്ട്. ഇത് അനാവശ്യ പരിശോധനകളും ശസ്ത്രക്രിയകളും നിര്‍ദേശിക്കാന്‍ ഡോക്ട്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നു. ആശുപത്രി മാനേജ്്‌മെന്റിന് കൊള്ള ലാഭം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാത്തവരുടെ ജോലി പലപ്പോഴും തുലാസ്സിലാണ് .
ഇതിനു പുറമെ ഇന്‍ഷുറന്‍സ് കമ്പനികളും സ്വകാര്യ ആശുപത്രികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നു എന്നും ആരോപണങ്ങള്‍ ഉണ്ട്. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.

ഒരു കോടി മുതല്‍ രണ്ടുകോടി വരെയാണ് എം.ബി.ബി.എസ് പഠനത്തിന് സ്വകാര്യ കോളേജുകള്‍ ഈടാക്കുന്നത്. അമിതമായ പഠനച്ചിലവ് മുതലാക്കാനാണ് വന്‍ തുക ഫീസായി വാങ്ങിക്കുന്നതെന്ന് മറുപക്ഷം വാദിക്കുന്നു.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ലഭിക്കുന്ന ബില്ലിലെ വിവരങ്ങളെക്കുറിച്ചറിയുവാന്‍ പൂര്‍ണ്ണമായ അവകാശമുണ്ട്. വിവരങ്ങള്‍ വ്യക്തമായില്ലങ്കില്‍ ഡീറ്റെയില്‍ ആയിട്ടുള്ള ബില്ല് ചോദിക്കണമെന്ന് ഡോക്ട്ടര്‍മാര്‍ തന്നെ പറയുന്നു.
ഒരു ആശുപത്രിയില്‍ നിന്നുള്ള ചികിത്സ നിര്‍ദ്ദേശങ്ങള്‍ മാത്രം മുഖ വിലക്കെടുക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.