പതിനഞ്ച് ദിവസത്തിന് ശേഷം നെടുമ്പാശേരി വിമാനത്താവളം തുറന്നു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തും. 33 എണ്ണം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബൈ, ഗോ എയറിന്റെ ഷാര്‍ജ, എയര്‍ ഏഷ്യയുടെ കോലാലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയില്‍ പറന്നിറങ്ങും. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു.

എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.

ആഗസ്റ്റ് 15നാണ് വിമാനത്താവളം അടച്ചത്.വിമാനത്താവളം അടച്ചിടേണ്ടി വന്നതോടെ മൊത്തം 300 കോടിയോളം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചു. റണ്‍വേയ്ക്ക് ക്ഷതം പറ്റിയില്ലെങ്കിലും മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ഏപ്രണ്‍, ലോഞ്ചുകള്‍ എന്നിങ്ങനെ മുപ്പത് ലക്ഷം ചതുരശ്രയടി ഭാഗത്ത് വെള്ളംകയറി ചെളിയടിഞ്ഞു.ആയിരത്തിലേറെപ്പേര്‍
എട്ടു ദിവസം 24 മണിക്കൂര്‍ തുടര്‍ച്ചയായി നടത്തിയ പ്രയത്‌നത്തിലാണ് വിമാനത്താവളം വീണ്ടും സജ്ജമായത്.

പ്രളയത്തില്‍ തകര്‍ന്ന ചുറ്റുമതില്‍ പത്തടി ഉയരത്തില്‍ രണ്ടരകിലോമീറ്റര്‍ നീളത്തില്‍ താത്കാലികമായി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളം കയറി കേടുപറ്റിയ നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ യന്ത്രങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലെറ്റുകള്‍ എന്നിവയെല്ലാം പൂര്‍വ്വനിലയിലാക്കി. എട്ട് സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം ചാര്‍ജ് ചെയ്തിട്ടുമുണ്ട്.  നാവിക വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ക്കും ഇന്നു വിരാമമാകും.