ബര്‍ഖാദത്ത് എന്‍.ഡി.ടി.വി വിട്ടു

ന്യൂഡല്‍ഹി : പ്രമുഖ വാര്‍ത്താ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ ബര്‍ഖ ദത്ത് എന്‍.ഡി.ടി.വി വിട്ടു.

1995-ല്‍ എന്‍.ഡി.ടി.വിയുടെ ഭാഗമായ ബര്‍ഖ ചാനലില്‍ മാനേജിംഗ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ ഇക്കാലത്തിനിടെ പല നിര്‍ണ്ണായക പദവികളും വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചു വരവേയാണ് അവരുടെ രാജി. എന്‍.ഡി.ടി.വി തങ്ങളുടെ വെബ്‌സൈറ്റിലൂടെ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. 21 വര്‍ഷം ചാനലിന് ഒപ്പം പ്രവര്‍ത്തിച്ച ശേഷം പുതിയ അവസരണങ്ങള്‍ തേടിപോകുന്ന ബര്‍ഖയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകപ്രശസ്ത മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടാകും ബര്‍ക്കയുടെ അടുകത്ത റോള്‍. സ്വന്തം നിലയ്ക്ക് പുതിയ മാധ്യമസ്ഥാപനം തുടങ്ങാന്‍ ബര്‍ഖ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. 1999-ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ യുദ്ധമുഖത്ത് നിന്നുള്ള ബര്‍ഖയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബര്‍ഖയ്ക്ക് പത്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. വിവാദമായ നീരാ റാഡിയെ ടേപ്പുകളില്‍ അവരുടെ പേരും ഉയര്‍ന്നു വന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നേരത്തെ ടൈംസ് ഓഫ് നൗ ചാനലില്‍ നിന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി രാജിവെച്ചിരുന്നു. റിപ്പബ്ലിക് എന്ന പേരില്‍ പുതിയ മാധ്യമസ്ഥാപനത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.