ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് മേലും യുഎസ് ഉപരോധം വന്നേക്കുമെന്ന് സൂചന

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി അമേരിക്ക. നേരത്തെ ഉപരോധത്തില്‍ നിന്ന് ഇളവ് നല്‍കി ഒഴിവാക്കി നിര്‍ത്തിയിരുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍,തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് യുഎസ് വീണ്ടും ഉപരോധം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

മെയ് രണ്ടുമുതല്‍ ഉപരോധം നിലവില്‍ വരുമെന്നും ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ഉപരോധമുണ്ടാകുമെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാന്റെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. ഇതാണ് അവരുടെ പ്രധാന വരുമാനമാര്‍ഗമായ അസംസ്‌കൃത എണ്ണ കയറ്റുമതി തടയാനായി ഉപയോക്താക്കള്‍ക്കളായ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിക്കാന്‍ കാരണമായത്.