അനില്‍ അംബാനി കടക്കെണിയിലെന്ന് സൂചന

മുംബൈ:അനില്‍ അംബാനി കടക്കെണിയില്‍ നിന്ന് കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നുവെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ അനില്‍ അംബാനി ശ്രമം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആസ്ഥാനത്തിനാകെ 1500-2000 കോടി രൂപയാണു മതിപ്പുവില. 3000 കോടി വരെ കിട്ടുമെന്നാണു പ്രതീക്ഷ. ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെ.എല്‍.എല്‍നെ ആണു റിലയന്‍സ് നിയമിച്ചിട്ടുള്ളത്.

സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് സൗത്ത് മുംബയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്കു മടങ്ങാനാണ് അംബാനിയുടെ തീരുമാനം. റിലയന്‍സ് സാമ്രാജ്യം വിഭജിച്ച 2005 ലാണ് ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന.

മുമ്പ് ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ 462 കോടി രൂപ നല്‍കിയത് സഹോദരനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.