ആഖ്യാനത്തിന്റെ ചില്ലു പടവുകള്‍

രഘുനാഥൻ പറളി
സലിം അഹമ്മദിന്റെ ആദ്യ ചിത്രത്തിന്റെ (ആദാമിന്റെ മകന്‍ അബു) അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ആകും നമ്മള്‍ അദ്ദേഹത്തിന്റെ ‘ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു’ എന്ന പുതിയ ചിത്രം കാണുക..! ആഖ്യാന സവിശേഷതയാണ് ഈ സിനിമയുടെ കാതല്‍ എന്നു എളുപ്പം പറയാം. അതിശയോക്തിയും അല്പം അതിവൈകാരികയും ഒന്നു രണ്ടു പ്രധാന സന്ദര്‍ഭങ്ങളിലെ‍ പരിമിതികളായി എണ്ണാമെങ്കിലും, സിനിമയെ സ്നേഹിച്ച് സിനിമാ ലോകത്തെത്താന്‍ കൊതിച്ച്, ഒടുവില്‍ എവിടെയും എത്താതെ പോയ /പോകുന്ന അസംഖ്യം ചെറുപ്പക്കാരുടെ, പതിയെ അവിടെ വയസ്സായിപ്പോയ എത്രയോ മനുഷ്യരുടെ ഒരു രക്തസാക്ഷ്യം കൂടിയായി നമുക്ക് എണ്ണേണ്ടുന്ന ഒരു സിനിമയാണ് ഈ ചിത്രം എന്നു പറയാം. മരിക്കാതിരിക്കാന്‍ അഥവാ ജീവിതം തുടരാന്‍ മകളുടെ ഫോട്ടോ ഒപ്പം കൊണ്ടു നടക്കുന്ന ഒരു സിനിമാപ്രവര്‍ത്തകനെ ഈ സിനിമയില്‍ നാം കാണുന്നുണ്ട്. സത്യത്തില്‍ അത്തരം പരസഹസ്രം ജീവിതപ്പതിപ്പുകളിലേക്കുകൂടിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. സിനിമയും ജീവിതവും തമ്മിലുളള സംഘര്‍ഷഭരിതമായ ആവിഷ്കാര മാനങ്ങള്‍ ഇബ്രാഹിം ഇസാക്ക് എന്ന നവസംവിധായകനും (ടൊവിനോ തോമസ്) അബൂക്ക എന്ന നാട്ടുകാരനും (സലിം കുമാര്‍) തമ്മിലുളള വിനിമയത്തില്‍ ഉണ്ട്. അതാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം‍ ഈ സിനിമയുടെ ജീവനും ജീവിതവുമായിത്തീരുന്നത് എന്നു പറയാം.

അതിസാഹസികമായി, സ്വയം നിര്‍മ്മാതാവായി നിന്നുകൊണ്ട് പൂര്‍ത്തിയാക്കുന്ന ഇസാക്കിന്റെ ആദ്യചിത്രം തന്നെ, അരവിന്ദന്‍ എന്ന പ്രധാന നടന് (ശ്രീനിവാസന്‍) മികച്ച നടനുളള ദേശീയ പുരസ്കാരം നേടിക്കൊടുക്കുകയും ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിശയോക്തിയുടെ ഒരു തലം അനുഭവപ്പെടാമെങ്കിലും, സലിം അഹമ്മദിന്റെ ആദ്യ ചിത്രത്തിന്റെ വിജയ സഞ്ചാരങ്ങള്‍ ഓര്‍ക്കുമ്പോള്‍, ചിത്രം ആത്മകഥാപരമാകുന്നത് എങ്ങനെ എന്ന് കൂടുതല്‍ നമുക്ക് ബോധ്യപ്പെടും പിന്നീട് സിനിമ അമേരിക്കയില്‍ മാർക്കറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക സംഘര്‍ഷങ്ങള്‍ കൂടിയാണ് സിനിമയുടെ രണ്ടാം പകുതിയിൽ നിറയുന്നത്. നന്മയുടെ ഒരു ആന്തരിക ശ്രുതി ആദ്യ ചിത്രത്തിലെന്നതുപോലെ ഈ ചിത്രത്തേയും കൂടുതലായി തഴുകുന്നത് അതുകൊണ്ടുകൂടിയാകണം..! അനു സിത്താര, മാലാ പർവതി,​ സിദ്ധിഖ്,​ ശ്രീനിവാസൻ,​ വിജയരാഘവൻ,​ ലാൽ,​ ജാഫർ ഇടുക്കി, അപ്പാനി ശരത്ത്, സറീന വഹാബ്,​ ഹരീഷ് കണാരൻ തുടങ്ങി എല്ലാവരും ചിത്രത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിച്ചിട്ടുണ്ട്. സിനിമയ്ക്കുള്ളില്‍ ഒരേസമയം സിനിമയും ജീവിതവും നിര്‍മ്മിച്ചെടുക്കാന്‍ സലിം അഹമ്മദ് കാണിക്കുന്ന നൈപുണി പ്രശംസനീയമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മമായ ആ ചില്ലുപടവുകള്‍ ശിഥിലമാകാതെ സൂക്ഷിക്കാന്‍ സംവിധായകനു കഴിയുന്നു എന്നതു തന്നെയാണ് ഈ സിനിമയെ വ്യത്യസ്തമായ ഒരു പരിശ്രമമാക്കുന്നത്. കഥയെ വെല്ലുന്ന ജീവിതം എന്ന ക്ലീഷെ വാചകത്തെ, പക്ഷേ ഈ ചിത്രം യാഥാര്‍ഥ്യമാക്കുന്നത് ഏറെ വിദഗ്ദമായാണ്. ‘Based on a true story’ എന്ന സംവിധായകന്റെ സങ്കല്പത്തെപ്പോലും അട്ടിമറിക്കുന്ന ആകസ്മിക വസ്തുതയില്‍, ചിത്രത്തിലെ ഇസാക്ക് എന്ന സംവിധായകന്റെ എല്ലാ തോല്‍വികളും നിസ്സാരമായിത്തീരുന്നതു കാണാം.. ഒപ്പം തന്റെ സിനിമയുടെ വലിയ പ്രേക്ഷകന്‍ വാസ്തവത്തില്‍ ആരായിരുന്നു എന്ന് അയാള്‍ തിരിച്ചറിയുന്ന ഘട്ടം കൂടിയാണത്. കല ജീവിതത്തിനു നല്‍കുന്ന പച്ചപ്പിനെക്കുറിച്ച്-ഹരിതാഭമായ സ്വപ്നത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും- ബോധ്യപ്പെടുത്തുന്നു എന്നിടത്തു തന്നെയാണ്, ഈ സിനിമക്ക് ജീവിതത്തിന്റെ ഓസ്കാര്‍ ലഭിക്കുന്നത് എന്നര്‍ഥം.