മകൻ എഴുതിയ പദ്മരാജൻ ;’കരുതലുകളുടെ അച്ഛൻ’.

പി. ജി. പ്രേം ലാൽ
ഒരു സംവിധായകന്റെ നിലപാടുകളും ആകുലതകളും പൂർണ്ണതാബോധവും അതിനായുള്ള കടുംപിടുത്തങ്ങളും എങ്ങനെയാണ് വ്യക്തിത്വത്തിന്റെ ഭാഗമായ മനുഷ്യത്വസമീപനങ്ങളുടെയും ഹൃദയവികാരങ്ങളുടെയുമൊപ്പം കൂട്ടുചേരുന്നത് എന്ന് പത്മരാജൻ എന്ന ചലച്ചിത്രകാരന്റെ ഏതാനും ചില തൊഴിൽ-ജീവിതമുഹൂർത്തങ്ങളെ തിരഞ്ഞെടുത്തവതരിപ്പിച്ചുകൊണ്ട് അതിസുന്ദരമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (‘മകൻ എഴുതിയ പത്മരാജ’നിൽ)എഴുതിയിട്ടിരിക്കുന്നു, അനന്ത പത്ഭനാഭൻ
‘മകൻ എഴുതിയ പത്മരാജ’നിൽ ഇതുവരെയുള്ള എഴുത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറി ഈയാഴ്ചയിലെ ‘കരുതലുകളുടെ അച്ഛൻ’.

അനന്തേട്ടൻ പത്മരാജൻ സാറിന്റെ റീടേക്കുകളെപ്പറ്റി പറയുന്നത് വായിച്ചപ്പോൾ ഒന്നു രണ്ട് സ്വന്തമനുഭവങ്ങൾ പങ്കുവെയ്ക്കണമെന്നു തോന്നുന്നു.

‘ആത്മകഥ’ ചിത്രീകരിക്കുന്ന സമയം. ഒരു ദിവസം രാത്രി ഏറെ വൈകി ഷൂട്ടിംഗ് നടക്കുന്നു. അമ്പിളിച്ചേട്ടനും(ജഗതി ശ്രീകുമാർ) ശ്രീനിയേട്ടനും ഒരു മുതിർന്ന, കഴിവുറ്റ നാടകനടനുമാണ് അഭിനയിക്കുന്നത്. അമ്പിളിച്ചേട്ടന്റെ ഡേറ്റ് അന്നത്തോടെ തീരുകയുമാണ്. അതിന്റെയൊരു ആവലാതിയിലുമാണ് ഞാൻ.ക്യാമറയ്ക്കു മുമ്പിൽ നാടകനടൻ അരി പെറുക്കാൻ തുടങ്ങി.

അഞ്ച് .. പത്ത് …ടേക്കുകളങ്ങനെ പോവുകയാണ്. ഫിലിമിലാണ് ഷൂട്ട്. ഒന്നര കാൻ ഫിലിം ആവിയായിക്കഴിഞ്ഞു. അതിന്റെയൊരു സമ്മർദ്ദം വേറെ. പതിനാറാമത്തെ ടേക്കും തെറ്റിച്ചപ്പോ എല്ലാ നിയന്ത്രണവും പോയി ഞാൻ എന്തൊക്കെയോ പറഞ്ഞു.അത് കൂടുതൽ കുഴപ്പമായി.നേരെയാവുന്ന ലക്ഷണമേ കാണാനില്ല. എന്തും തുറന്നുപറയാനുള്ള സ്നേഹവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നതുകൊണ്ട് ശ്രീനിയേട്ടനെ വിളിച്ച് മാറ്റിനിർത്തി ‘എന്താ ചെയ്യുകാ’ന്ന് ചോദിച്ചു.. “വാ.. ഞാനൊന്നു നോക്കട്ടെ” എന്നു പറഞ്ഞ് ശ്രീനിയേട്ടൻ നാടകനടന്റെ അടുത്തേക്കു പോയി. എന്നിട്ടിങ്ങനെ പറഞ്ഞു,
“നിങ്ങളുടെ കുഴപ്പമെന്താന്നറിയോ? ഈ ഒരൊറ്റ പടം കൊണ്ടു തന്നെ നിങ്ങളൊരു ഗംഭീരനടനാണെന്ന് തെളിയിക്കണമെന്നും പറ്റിയാൽ ഓസ്കാറടക്കം വാങ്ങണമെന്നും വിചാരിച്ചുകൊണ്ടാണ് നിങ്ങളഭിനയിക്കുന്നത്. ആ ചിന്തയങ്ങോട്ട് മാറ്റിവെയ്ക്ക്. എന്നിട്ട് ചുമ്മാ അങ്ങ് അഭിനയിക്ക് “. അടുത്ത ടേക്ക് ഓക്കെയായി!

നാലഞ്ചുകൊല്ലം മുമ്പ് പുതിയൊരു സിനിമയുടെ ആശയം തലയിലുദിച്ചു. ‘കമ്പനി ആർട്ടിസ്റ്റ് ‘ ശ്രീനിയേട്ടനും ഒപ്പം, മലയാളത്തിലെ ഒരു നക്ഷത്രവും നായകരായിവരണം. ശ്രീനിയേട്ടനോട് കഥ പറഞ്ഞു. കഥ പുള്ളിക്ക് പെരുത്തിഷ്ടമായി. പക്ഷേ, മറ്റേവേഷം ചെയ്യേണ്ട നക്ഷത്രത്തെക്കുറിച്ച് ശ്രീനിയേട്ടൻ പറഞ്ഞതിങ്ങനെ,
“ഒന്നുകിൽ നിങ്ങൾ രണ്ടാളും സെറ്റിൽ അടിയാവും. അല്ലെങ്കിൽ അങ്ങേർ ഇട്ടിട്ടു പോവും. അതുമല്ലെങ്കിൽ നിങ്ങള് ഇട്ടിട്ടു പോവും”.
ആ പറഞ്ഞതിന്റെ പൊരുൾ തിരിയാൻ നാലോ അഞ്ചോ മാസമേ വേണ്ടിവന്നുള്ളൂ.
എറണാകുളത്ത് ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് സാക്ഷിയായി. നായകൻ നക്ഷത്രം. സംവിധായകൻ പുതുതലമുറയിലെ ശ്രദ്ധേയൻ. ഒരു ടേക്ക് കഴിഞ്ഞു: ശ്രദ്ധേയൻ മൈക്കിലൂടെ, “സാർ.. വൺ മോർ ടേക്ക് ”
“എടുത്തതൊക്കെ മതി” എന്നു പറഞ്ഞ് നക്ഷത്രം തിരിഞ്ഞുപോലും നോക്കാതെ കാറിൽ കയറി പോകുന്നു.ശ്രദ്ധേയൻ പകച്ചു നില്ക്കുന്നു.
കുട്ടിക്കാനത്തെ തണുപ്പിൽ, പുലർച്ചെ നാലുമണിക്ക് എന്റെ റീടേക്കുകളുടെ ഉദ്ദേശ്യങ്ങളെ ഒരു മറുചോദ്യം പോലുമില്ലാതെ തിരിച്ചറിഞ്ഞ് അന്ധനായ കൊച്ചുബേബിയായി ക്യാമറയ്ക്കു മുമ്പിലേയ്ക്ക് മടികൂടാതെ വീണ്ടുംവീണ്ടും വന്നുനിന്ന ശ്രീനിയേട്ടന് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിഞ്ഞതുകൊണ്ട് ഒരടിയിൽ പങ്കാളിയാകാതെ ഈയുള്ളവന് രക്ഷപ്പെടാൻ പറ്റി!

ഒരു സംവിധായകൻ റീടേക്കിന് പറയുന്നത് നടനോടുള്ള പകയോ പ്രതികാരമോ കൊണ്ടല്ല. നടന് അത് മനസ്സിലാകും.നടനേ അതു മനസ്സിലാകൂ.മനസ്സിലാക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് നക്ഷത്രങ്ങൾ കാറിൽ കയറി പറന്നുകളയും! അങ്ങനെ പറക്കാതിരുന്ന നടന്മാരെ വെച്ച് സിനിമകൾ ചെയ്യാൻ കഴിഞ്ഞ സംവിധായകരോടും ആ കാലത്തോടും അസൂയ.. സ്നേഹം.. ഒക്കെയനുഭവിപ്പിക്കുന്നുണ്ട്, ഈ കുറിപ്പുകൾ

പി ജി പ്രേംലാൽ
ഫേസ് ബുക്ക് പോസ്റ്റ്