കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടില്‍നിന്നും കേരളത്തിലെ ഇതര ജില്ലകളിലേക്കും കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വഴികള്‍ ഗതാഗത യോഗ്യമല്ലാതായി. മറ്റു ജില്ലകളില്‍നിന്നും വയനാട് വഴിയുള്ള എല്ലാ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളും കഴിഞ്ഞദിവസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു.

താമരശ്ശേരി, പക്രംതളം, നാടുകാണി ചുരങ്ങള്‍ക്കുപുറമേ പാല്‍ച്ചുരവും പേര്യ ചുരവും അപകടാവസ്ഥയിലാണ്. ബത്തേരി-മൈസൂര്‍ പാതയില്‍ മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴി വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതവും അസാധ്യമായിരിക്കുകയാണ്.

കബനിനദിയില്‍ ജലനിരപ്പ്ഉയര്‍ന്നതോടെ കുട്ട-ഗോണിക്കുപ്പ വഴിയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്.മാനന്തവാടിയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ചില സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴിയുള്ളത്.