രോഗിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല

ശ്രീരേഖ കുറുപ്പ്
ചിക്കാഗോയിൽ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റും പത്തനംതിട്ട സ്വദേശിയുമായ ശ്രീരേഖ കുറുപ്പ് തന്റെ നേഴ്സിങ് ജീവിതത്തിലെ ജോലിയ്ക്കിടയിലെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു.

ഇന്നലെ, അതായത് 4/2/20 എനിക്ക് ഒരു സാധാരണ ദിവസം ആയിരുന്നു. രാവിലെ 5.10നു തന്നെ ജോലിക്കു പോകാനായി ഇറങ്ങി. റോഡിൽ പതിവ് തിരക്കുകൾ ഇല്ലാത്തത് കൊണ്ട് അൽപ്പം നേരത്തെ തന്നെ ഹോസ്പിറ്റലിൽ എത്തി. ഇപ്പോൾ ഹോസ്പിറ്റലിൽ പ്രവേശിക്കാൻ മൂന്ന് വഴികളെ ഉള്ളൂ. മറ്റുള്ളവയെല്ലാം ലോക്ഡാണ്. എംപ്ലോയീസ് ഹെൽത്ത്‌ സ്ക്രീൻ നിയന്ത്രണത്തിൽ ആകാൻ വേണ്ടി ചെയ്തതാണ്. ജീവനക്കാരുടെ ആരോഗ്യപരിശോധന ആയ പനി നോട്ടം കഴിഞ്ഞു റേഷൻ ആയ മാസ്ക് വാങ്ങാൻ മെനക്കെടാതെ ഞാൻ ഡ്യൂട്ടിക്ക് കേറി. മാസ്ക് തലേന്ന് തന്നത് കളഞ്ഞു എന്ന് പറഞ്ഞാൽ അവിടെ നിൽക്കുന്നവരുടെ മുഷിച്ചിൽ കാണണം. അത് അവരുടെ കുറ്റമല്ല. അവർക്ക് കിട്ടിയ നിർദ്ദേശം അവര് പാലിക്കുന്നു. ഉള്ള സാധനങ്ങൾ ഏറ്റവും ചുരുക്കി ഉപയോഗിക്കാൻ എല്ലാവരും ശീലിക്കേണ്ടിയിരിക്കുന്നു. കാരണം ഈ ദുരന്തം എത്രനാൾ നീണ്ടു നിൽക്കും എന്ന് ആർക്കാണ് അറിയുന്നത്.
എന്നെ സംബന്ധിച്ചു ഡിപ്പാർട്മെന്റിൽ ചെന്നാൽ കിട്ടുന്ന N95നെ മുഖത്തു പ്രതിഷ്ഠിക്കാം എന്ന തീരുമാനവും ഇതിന് പിന്നിൽ ഉണ്ട്.
ഡിപ്പാർട്മെന്റിൽ നിന്നും കിട്ടാനുള്ള മാസ്കും മറ്റ് സാധനങ്ങളുമായി നേരെ ICU വിലേയ്ക്ക്. ഇതിനിടയിൽ അങ്ങോട്ടുള്ള നടത്തത്തിനൊപ്പം വീട്ടിൽ നിന്നും കൊണ്ടുവന്ന ചായയും ഒരു സ്നാക്ക് ബാറും കഴിച്ചു.
ഐസിയുവിൽ ആകെ ഉള്ള 17ബെഡിൽ 16ലും വെന്റിലേറ്റർ ഓടുന്നുണ്ട്. ഒരാൾ മരണത്തിന് കീഴടങ്ങി ആ കട്ടിലൊഴിഞ്ഞു. ഓടുന്ന വെന്റിലേറ്ററിൽ ഒന്നോ രണ്ടോ ഒഴിച്ചാൽ ബാക്കി എല്ലാം Covid കേസ് ആണ്. റിപ്പോർട്ട് എടുത്തു തീർന്നില്ല അപ്പോളേക്കും വിളിവന്നു, ബെഡ് 14ലെ രോഗിക്കു ബ്ലഡ് ഗ്യാസ് എടുക്കണം.
കൈ കഴുകി, ഗൗൺ ഇട്ട്, ഗ്ലോവ്സ് ഇട്ട് മാസ്ക് വെച്ച്, ഹെയർ നെറ്റ് ഇട്ട്, ഗോഗിൾസ് വെച്ച്, ഫേസ് ഷിൽഡ് വെച്ച്, മാസ്ക് ഒന്നോടെ ഒന്ന് മുഖത്തുറപ്പിച്ചു, ഗ്ലോവ് ഊരി വീണ്ടും കൈ കഴുകി, പുതിയ രണ്ടു പെയർ ഗ്ലോവ്സ് കൂടി ഇട്ട് അടഞ്ഞ വാതിൽ തുറന്ന് ഞാൻ ആ മുറിക്കകത്തു കയറി.
എന്നെ കണ്ടിട്ടോ എന്തോ, ആ വെന്റിലേറ്റർ നിലവിളിക്കാൻ തുടങ്ങി. വെന്റിലേറ്റർ ക്ഷാമം ഉള്ളത് കൊണ്ട് അനസ്തേഷ്യ ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന വെന്റിലേറ്റർ ആണിത്.
അതിന്റെ നിലവിളിക്ക് പരിഹാരം കാണുക അത്ര എളുപ്പമല്ല. നമ്മൾ എന്നും ഉപയോഗിക്കുന്ന മെഷീൻ അല്ലല്ലോ ഇത്.
ഒടുവിൽ എന്ത് ചെയ്യാൻ ആണോ കേറിയത് അതും ചെയ്ത്, വെന്റിലറിനെ ശാന്തമാക്കി ഇറങ്ങിയപ്പോൾ മണി ഏഴ് കഴിഞ്ഞിരിക്കുന്നു. ഇറങ്ങിയപ്പോൾ ഗൗണും ഗ്ലോവ്‌സും മുറിയ്ക്കുളളിൽ ഉപേക്ഷിച്ചു കൈകഴുകി തലയിലെയും മുഖത്തെയും ആവരണങ്ങൾ അഴിച്ചുമാറ്റാതെ ആണ് ഇറങ്ങിയത്. പുറത്തെത്തി മുഖത്തെ ഷീൽഡ് തുടച്ചു, തലയിലെ നെറ്റ് മാറ്റി പുതിയത് വെച്ചു. സ്വന്തം സുരക്ഷകൂടി കണക്കിലെടുക്കണം. ഒപ്പം സാധനങ്ങൾ ദുരുപയോഗം ചെയ്യാതെയും ഇരിക്കണം. അത് കൊണ്ട് ഓരോന്നും റീ യൂസ് ചെയ്യാൻ പറ്റും പോലെ ചെയ്യണം. ആരോടും പരാതി ഇല്ല. കിട്ടാൻ ഇല്ലാത്തതിനെ “ഓം ഹ്രീം” ന്ന് പറഞ്ഞു സൃഷ്ടിച്ചെടുക്കാൻ പറ്റിയ മന്ത്രവടി ഒന്നും ഇല്ലല്ലോ. ഹോസ്പിറ്റലിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. ഇങ്ങനെ ഒരു ദുരന്തം ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ അതിന് തക്ക തയ്യാറെടുപ്പും നടത്തിയിരുന്നില്ല.അറിഞ്ഞു വന്നപ്പോളേക്കും കാര്യങ്ങൾ കൈവിട്ടു പോയി എന്നതാണ് സത്യം.

ബ്ലഡ് ടെസ്റ്റ് ചെയ്തു റിസൾട്ട് നഴ്സിനെ ഏല്പിച്ചു കഴിഞ്ഞപ്പോൾ അടുത്ത മുറിയിലേക്ക് വിളി വന്നു. പിന്നെ അങ്ങോട്ട് തുടരെ തുടരെ ഓടുകയായിരുന്നു. ദേ, 20ലെ പേഷ്യന്റിന്റെ സാച്ചുറേഷൻ 78%ഉള്ളൂ (രക്തത്തിലെ oxygen പെർസൻറ്റേജു )!

“ദേ, ബെഡ് 11ലെ പേഷ്യന്റിന്റെ സാച്ചുറേഷൻ 83%ആയി”(അത് വെന്റിലേറ്ററിൽ ഓക്സിജൻ 100%ലാണ് കിടക്കുന്നത്).
“അതേ, 20ലെ പേഷ്യന്റിനെ പ്രോൺ ചെയ്യണം. അതിന്റെ x-ray റിസൾട്ട് വളരെ മോശമാണ്”.

ഇങ്ങനെ നഴ്സുമ്മാര് തുടരെ തുടരെ വിളിച്ചു കൊണ്ടിരിക്കുന്നു. ഓരോ റെസ്പിറേറ്ററി തെറാപ്പിസ്റ്റിന്റെയും ഈ ഓട്ടം ഹോസ്പിറ്റൽ മൊത്തത്തിൽ ആണ്. ആകെ ആറോ ഏഴോ തെറാപ്പിസ്റ്റുകൾ ആണ് ഒരു ഷിഫ്റ്റിൽ. ഓരോ യൂണിറ്റിലും ഇതുപോലെ ഓടി എത്തണം. ഐ. സി. യുവിൽ ഒരു നേഴ്സിന് ക്രിട്ടിക്കൽ ആയ രണ്ടു രോഗിയെ കിട്ടുമ്പോൾ തന്നെ അവരുടെ കൈ നിറയും. പിന്നെ അവര് നിർത്താതെ ഈ രണ്ടു മുറികളിലേയ്ക് ഓടുമ്പോൾ അവർക്കൊപ്പം ഈ 17മുറിയിലേക്കും ഓടാൻ ഐ. സി. യുവിൽ ആകെ ഒന്നോ രണ്ടോ റെസ്പിറേറ്ററി തെറാപ്പിസ്റ്റും കാണും. ഇന്നലെ അതിലൊന്ന് ഞാനായിരുന്നു.

അതെ, എല്ലാവർക്കും അവശ്യ  oxygen കിട്ടുന്നില്ല എന്നതാണ് കൊറോണ അഥവാ Covid +ve ആയാൽ ഉണ്ടാകുന്ന പ്രശ്നം.  ശ്വാസകോശത്തിൽ കഫം അല്ലെങ്കിൽ മ്യൂക്കസ് പടർന്നു കിടക്കുമ്പോൾ, അതിന്റെ മസിലിന് ചുരുങ്ങാനും വികസിക്കാനും കഴിയാതെ കട്ടിയുള്ള റബ്ബർ പന്തുപോലെ ആയി മാറുന്ന ശ്വാസകോശത്തിലേയ്ക് ഓക്സിജൻ കിട്ടുന്നില്ല. അപ്പോഴാണ് രോഗിയെ വെന്റിലേറ്ററിൽ ഇടുന്നത്. ചിലപ്പോൾ  ഇത് കൊണ്ടും മാറ്റം കാണാതെ വരുമ്പോൾ, എല്ലാ പരീക്ഷണങ്ങളും ചെയ്ത് കഴിഞ്ഞ് അവരെ കമഴ്ത്തി ഇടും. അങ്ങിനെ കമിഴ്ത്തി ഇടുന്നത് ഓക്സിജൻ കോശങ്ങളിലേയ്ക്ക് എത്തുന്നത് എളുപ്പമാക്കാൻ സഹായിക്കും.  രക്തത്തിലെ ഓക്സിജൻ അളവ് ക്രമേണ കൂടും. ഡോക്ടർസ് എന്ന് പറയുന്നവർ ദൈവം അല്ലല്ലോ, അവര് അവരുടെ അറിവ് വെച്ച് ലക്ഷണങ്ങൾ നോക്കി പ്രതിവിധി കാണാൻ ശ്രമിക്കുന്നു. ഇതൊരു പസിൽ ഗെയിമാണ്. ഒന്ന് പരിഹരികുമ്പോൾ അടുത്തത് പൊങ്ങി വരും.
ഇങ്ങനെ കമഴ്ത്തി ഇട്ടവരെ മലർത്തി ഇട്ടും, മലർന്ന് കിടന്നവരെ കമിഴ്ത്തിയും ദിവസം മുന്നോട്ട് പോയി. ഇതിനിടയിൽ മറ്റ് വാർഡിൽ ഐസൊലേഷനിൽ കിടന്ന ഒരു രോഗിയെ വെന്റിലേറ്ററിൽ ഇടേണ്ടതായി വന്നു. അങ്ങിനെ 17ബെഡും ആളായി.  പോരാത്തതിന് സ്റ്റെപ്പ് ഡൗൺ ഐ. സി. യു വിലും വെന്റിലേറ്ററുകൾ ഓടുന്നുണ്ട്. ഓരോ എമർജൻസി കോൾ മുഴങ്ങുമ്പോളും ഞങ്ങൾ വെന്റിലേറ്റർ സെറ്റ് ചെയ്യാൻ ഓടും.

ഒടിവിൽ പ്രശ്നങ്ങൾ പരിഹരിച്ചും എല്ലാവരെയും പറ്റും പോലെ നോക്കിയും സഹായിച്ചും ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ സമയം വൈകിട്ട് ഏഴേകാൽ ആയി. അപ്പോളേക്കും വീട്ടിൽ നിന്നും വിളി വന്നു, ആറരയ്ക്കു ഡ്യൂട്ടി തീർന്ന് ഞാൻ വീടെത്തണ്ട നേരം ആയി.
ഇറങ്ങാറായി എന്ന് പറഞ്ഞപ്പോൾ ആണ് ഏട്ടൻ പറഞ്ഞത് കുഞ്ഞുങ്ങളെയും അമ്മയെയും കസിൻ സിസ്റ്റർന്റെ വീട്ടിൽ ആക്കാൻ പോകാം എന്ന്. തലേന്ന് അതിനെ കുറിച്ച് സംസാരിച്ചിരുന്നു എങ്കിലും പെട്ടന്ന് അങ്ങിനെ കേട്ടപ്പോൾ എന്തോ സങ്കടം ആണ് വന്നത്.
നാളെ ഞാൻ വീട്ടിൽ ഉണ്ടല്ലോ, ഞാൻ കൊണ്ട് ആക്കാം എന്ന് പറഞ്ഞപ്പോൾ എന്തിന് ചാൻസ് എടുക്കണം, അവർ നമ്മോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും റിസ്‌ക് ആണെന്ന് ഏട്ടൻ പറഞ്ഞു.
ഇതേ കാര്യം ഞാനും പറഞ്ഞതും വേവലാതിപ്പെട്ടതും ആണ്. എങ്കിലും കുഞ്ഞുങ്ങളെ പിരിഞ്ഞു, അതും എത്ര നാളത്തേയ്ക്ക് എന്നറിയാതെ. നെഞ്ചിൽ വല്ലാത്തൊരു ഭാരം വന്നു നിറഞ്ഞു.

വീട്ടിൽ എത്തി എന്നത്തേയും പോലെ ആദ്യമേ കുളിച്ചു വസ്ത്രം മാറി. ഇട്ടിരുന്നതും ഹോസ്പിറ്റലിൽ ഉപയോഗിച്ചതും ഒക്കെ അപ്പോൾ തന്നെ കഴുകാൻ ഇട്ടു.
മക്കൾ ആഹാരം കഴിച്ചെഴുന്നേറ്റു.
ഇളയവൾ കരച്ചിൽ ആണ്. അവൾക് എങ്ങും പോകണ്ട.
അവർക്കു മുന്നിൽ ധൈര്യത്തോടെ നിന്ന് കാര്യങ്ങൾ പറഞ്ഞു.
എത്രമാത്രം അവർക്ക് ഉൾകൊള്ളാൻ ആയി എന്നറിയില്ല.  എങ്കിലും അത്യാവശ്യം സാധങ്ങൾ എടുത്ത് അവരെയും കൂട്ടി ഇറങ്ങി. വീട്ടിൽ നിന്നും 40മിനിറ്റ് ദൂരെ ആണ് ചേച്ചിയും ചേട്ടനും താമസിക്കുന്നത്.
നാലുവയസ്സുകാരൻ ടൂർ പോകുന്ന സന്തോഷത്തിൽ കാറിൽ ഇരുന്നു. മറ്റു രണ്ടാളും പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഏട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ കേൾക്കുന്നത് എന്റെ മകന്റെ കരച്ചിൽ മാത്രം. രാത്രി എന്നെ കാണാതെ അവൻ കരയുമോഎന്ന  ആശങ്ക,  കുഞ്ഞുങ്ങളെ ഇങ്ങനെ പിരിയേണ്ടി വരും എന്ന് കരുതിയില്ല, കരച്ചിൽ വരുന്നുണ്ട്.  എങ്കിലും അത് ഒതുക്കി മിണ്ടാതെ ഇരുന്നു.
ഓരോ ദിവസവും വാർത്തകളിൽ ജീവൻ നഷ്ടപെട്ട ആരോഗ്യപ്രവർത്തകരെക്കുറിച്ചു വായിക്കുമ്പോളും നാളെ ഞങ്ങളുടെ കാര്യം എന്താകും എന്നൊരു ആശങ്ക ഉള്ളിൽ ഉണ്ട്.  എത്ര ഒക്കെ സൂക്ഷിച്ചാലും ഒരു ചെറിയ പിഴവ് മതി.  ഒരു ഹോസ്പിറ്റലും  അവരുടെ ജീവനക്കാരുടെ ജീവൻ നഷ്ട്ടപെടുത്താൻ അറിഞ്ഞു കൊണ്ട് ആഗ്രഹിക്കുന്നില്ല. എന്നാലും ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആരെങ്കിലും അറിയാതെ പോലും എക്സ്പോസ് ആയാൽ അത് മതിയല്ലോ.
ഞങ്ങളുടെ കൂടെ തന്നെ സംശയാധീതമായി ഏകാന്തവാസം അനുഷ്ഠിക്കുന്നവർ ഉണ്ട്.  ഓരോ പോസിറ്റീവ് കേസ് വരുമ്പോളും ആ രോഗിയെ നോക്കിയവരെ എല്ലാം തന്നെ ബാക്ക് ട്രാക്ക് ചെയ്ത് ഹെൽത്ത്‌ സ്ക്രീൻ നടത്തുന്നുണ്ട്. ഓരോ ദിവസവും കടന്ന് പോകുമ്പോൾ നാളെ എന്തെന്ന് ആശങ്കയാണ്.  എമർജൻസിയിൽ ആദ്യമൊക്കെ ലക്ഷണം കാണാത്ത രോഗികളെ സാധാരണ പോലെ സുരക്ഷ ഇല്ലാതെ സമീപിച്ചിരുന്നു. പിന്നീട് അവര് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുമ്പോൾ ഉള്ളിൽ ഒരു ആന്തൽ ആണ്.
സഹപ്രവർത്തകർ പോലും അണുവാഹകരാകാം എന്നൊരു തോന്നൽ എല്ലാവർക്കും ഉണ്ട്.  മുന്നിൽ വരുന്ന രോഗിയെ രക്ഷിച്ചെടുക്കാൻ ചാടി വീഴുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല. എന്നാൽ ഇപ്പോൾ ഓരോ രോഗിയെയും സമീപിക്കുമ്പോൾ ഞാൻ സുരക്ഷിതയാണോ, ഞങ്ങൾ സുരക്ഷിതരാണോ എന്ന് നൂറുവട്ടം ചിന്തിക്കുന്നു.
മറ്റൊരു രക്തസാക്ഷി ആകാൻ ആരും ആഗ്രഹിക്കുന്നില്ല. കുടുംബവും കുഞ്ഞുങ്ങളും എല്ലാവർക്കും ഉണ്ട്.  എല്ലാവരും സുരക്ഷാകവചങ്ങൾ ഇടാതെ രോഗിയെ സമീപിക്കാൻ ഡോക്ടർസും അനുവദിക്കില്ല.
ചിലർ സുരക്ഷാ നടപടികൾ പാലിക്കുമ്പോൾ ചിലർ അത് പാലിക്കാതെയും ഇരിക്കുന്നു.

ചിന്തിച്ചിരുന്നു ചേച്ചിയുടെ വീടെത്തി. അമ്മയെയും മക്കളെയും വാതിൽക്കൽ ഇറക്കി വിട്ടു. സാധനങ്ങൾ എല്ലാം കാർ ഷെഡിൽ (ഗരാജിൽ) എടുത്ത് വെച്ചു. ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നതാണ്. മക്കളെ സംരക്ഷിക്കാൻ തയ്യാറായ ചേച്ചിയുടെയും ചേട്ടന്റെയും ആരോഗ്യം കൂടി നോക്കണം. അവർക്കും ഉണ്ട് രണ്ടു മക്കൾ, രണ്ടുപേരും ഡോക്ടർസ് ആണ്. സ്വന്തം മക്കളെക്കുറിച്ചുള്ള ഉത്കണ്ഠകൾ ഉള്ളിൽ വെച്ചു കൊണ്ടാണ് ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ അവർ തയ്യാറായത്. ഞങ്ങൾ ആയി അവർക്ക് ഒരാപത്ത് വരുത്തരുത്. അതുകൊണ്ട് മക്കളെ ഒന്ന് കെട്ടി പിടിക്കാനോ ഉമ്മകൊടുക്കാനോ നിൽക്കാതെ ഞാൻ ദൂരെ മാറി നിന്നു.  അവർ കൈവീശി കാണിച്ചു അകത്തേയ്ക്കു പോയി.  ഉടനെ തിരികെ വീട്ടിലേയ്ക് വരാൻ ആവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഞാനും അത് തന്നെ ആഗ്രഹിക്കുന്നു. കരയരുതെന്ന് മനസ്സിനോട് പറയുമ്പോളും കണ്ണ് അത് കേൾക്കാതെ നിറഞ്ഞു കവിഞ്ഞു. തിരികെ ഞങ്ങൾ പോരുമ്പോൾ ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു കൂട്ട്.