EXCLUSIVE: ഉർവശിക്കും കൈരളിക്കും ഹൈക്കോടതിയുടെ പൂട്ട്

കൈരളി ടി.വിയില്‍ ഉര്‍വ്വശി അവതരിപ്പിക്കുന്ന ജീവിതം സാക്ഷി എന്ന പരിപാടിക്ക് നിയന്ത്രണം വേണമെന്ന് നോട്ടീസ് 

ഉര്‍വ്വശി അപമര്യാദയായി പെരുമാറുന്നുവെന്ന് നിരവധി പരാതികള്‍ 

ചാനല്‍ എം.ഡി ബ്രിട്ടാസിന് കേരള ലീഗല്‍ അതോറിറ്റിയുടെ നോട്ടീസ് 

-പി ബി കുമാർ-

സി.പി.എമ്മിന്റെ ടെലിവിഷൻ ചാനലായ കൈരളി ടിവിയിൽ ചലച്ചിത്ര താരം ഉർവശി അവതരിപ്പിക്കുന്ന ജീവിതം സാക്ഷിയുടെ പിടലിക്ക് പിടിക്കാൻ കേരള ഹൈക്കോടതി ഒരുങ്ങുന്നു.

പരിപാടിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വേണമെന്ന് കേരള ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള ലീഗൽ സർവീസ് അതോറിറ്റി കൈരളി ചാനൽ എം.ഡി.ജോൺ ബ്രിട്ടാസിന് നോട്ടീസ് നൽകി. അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ ജഡ്ജി കെ.സത്യൻ ഇക്കാര്യം സ്ഥിതീകരിച്ചു.

അതോറിറ്റിയുടെ രക്ഷാധികാരി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹൻ എം.ശന്തന ഗൗഡറാണ്. അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി, ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണമാണ്  കൈരളിക്ക് നോട്ടീസ് അയച്ചത്. ഉർവശി ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു എന്ന ആരോപണത്തിൽ അതോറിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് മെമ്പർ സെക്രട്ടറി പറയുന്നു.

പരിപാടിയുടെ സദുദ്ദേശ്യം മുതലെടുക്കുന്നു എന്ന ആക്ഷേപം അതോറിറ്റി ഗൗരവമായാണ് നിരീക്ഷിക്കുന്നത്. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ അദാലത്തിലൂടെ പറഞ്ഞു തീർക്കാൻ കഴിയും എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് കൈരളി ചാനലിലൂടെ തങ്ങൾ ശ്രമിച്ചതെന്ന് അതോറിറ്റി പറയുന്നു.

against-kairali2014 ജൂലൈ അഞ്ചിനാണ് ജീവിതം സാക്ഷി എന്ന പരിപാടിക്ക് അതോറിറ്റി അനുമതി നൽകിയത്. കൈരളി ചാനൽ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷൻസും അതോറിറ്റിയും തമ്മിലുണ്ടാക്കിയ പ്രധാന കരാർ ജീവിതം സാക്ഷി എന്ന പരിപാടി ചാനലിന്റെ സാമ്പത്തിക ലാഭത്തിന് ഉപയോഗിക്കില്ല എന്നതാണ്. എന്നാൽ ഉർവശിയുടെ ഉത്സവമേളത്തിന്റെ പ്രധാന ലക്ഷ്യം തന്നെ കൈരളിയുടെ സാമ്പത്തിക ഉന്നമനമാണ്.

ജീവിതം സാക്ഷിയിൽ പങ്കെടുക്കുന്ന ഇരുകക്ഷികളുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ പാടില്ലെന്നും കരാറിലുണ്ട്. പ്രേക്ഷകരുടെ അവകാശങ്ങളും ലംഘിക്കരുത്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ അഭിപ്രായ വ്യത്യാസത്തിൽ അകന്നു കഴിയുന്ന ഭർത്താവിന്റെയും തന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ കൈരളി സംപ്രേഷണം ചെയ്തു എന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയായ യുവതി രംഗത്തുവന്നിട്ട് അധികനാളായിട്ടില്ല.

അതോറിറ്റിക്ക് മുമ്പിൽ പരിഗണനയിലിരിക്കുന്ന കേസുകൾ പരിപാടിയിൽ ചർച്ച ചെയ്യരുതെന്നും കരാറിലുണ്ട്.

പരിപാടിയിൽ പങ്കെടുക്കുന്ന ദമ്പതികൾക്ക് അദാലത്തിൽ പങ്കെടുക്കാൻ പൂർണ്ണ സമ്മതമാണെന്ന രേഖാമൂലമുള്ള ഉറപ്പ് ഓരോ പരിപാടിയുടെ ചിത്രീകരണത്തിനു മുമ്പും അതോറിറ്റിക്ക് മുന്നിൽ ഹാജരാക്കിയിരിക്കണമെന്ന് കരാറിലുണ്ട്. ചിത്രീകരണം പുർത്തിയാക്കിയ ശേഷം കാസറ്റ് അതോറിറ്റി മുമ്പാകെ സമർപ്പിച്ച് അനുവാദം നേടിയിരിക്കണം.

ലോക്അദാലത്തിൽ പങ്കെടുക്കുന്ന ജഡ്ജിമാരെ നിശ്ചയിക്കേണ്ടത്  അതോറ്റിയാണ്. പരിപാടിയിൽ കുഞ്ഞുങ്ങളെ പങ്കെടുക്കാൻ പാടില്ല. പരിപാടിയിൽ വിവേചനമുണ്ടെന്ന് മനസിലാക്കിയാൽ അത് നിർത്തിവയ്ക്കാൻ അതോറിറ്റി ആവശ്യപ്പെടുമെന്നും മെമ്പർ സെക്രട്ടറി പറഞ്ഞു.

ദാമ്പത്യത്തിലുണ്ടാകുന്ന തകർച്ച രണ്ട് വ്യക്തികളെ സംബന്ധിച്ചടത്തോളം വേദനയും അപമാനവും ഉളവാക്കുന്നതാണ്. അത്തരമൊരു ദുരിതപർവം ഷൂട്ട് ചെയ്ത് ടെലിവിഷനിൽ കാണിക്കുന്നത് ക്രൂരവും നിന്ദ്യവു മാണ്. ലീഗൽ സർവീസ് അതോറിറ്റി പോലൊരു സ്ഥാപനം ഇത്തരമൊരു മനുഷ്യാവകാശ ലംഘനത്തിന് കൂട്ടുനിൽക്കുന്നത് തീർത്തും തെറ്റാണ്.